Lionel Messi: 'ദൈവത്തിന്റെ സ്പർശം'; അത്ഭുത ഫ്രീകിക്കിന് പിന്നിലെ തന്ത്രം പറഞ്ഞ് മെസി

ദൈവം സ്പർശിച്ച ഗോൾ..പോർട്ടോയ്ക്ക് എതിരെ മെസിയുടെ ഫ്രീകിക്ക് വലയിലാവുന്നത് കണ്ട് കമന്ററി ബോക്സിൽ നിന്ന് വന്ന വാക്കുകൾ ഇങ്ങനെ..കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ലെന്നാണ് ആരാധകർ പറയുന്നത്. ക്ലബ് ലോകകപ്പിൽ 54ാം മിനിറ്റിലാണ് മെസിയുടെ കാലിൽ നിന്ന് 20 വാര അകലെ നിന്ന് ആ അത്ഭുത ഷോട്ട് പറന്നത്.

ലോകത്തെ മുഴുവൻ വിസ്മയിപ്പിച്ച ആ ഫ്രീ കിക്ക് ഗോൾ അടിക്കുമ്പോൾ എന്തായിരുന്നു തന്റെ മനസിൽ എന്ന് വെളിപ്പെടുത്തുകയാണ് മെസി ഇപ്പോൾ. പോർട്ടോ ഗോൾകീപ്പർ റാമോസിന്റെ കൈകൾക്ക് അപ്രാപ്യമാവും വിധം ആ പന്ത് വലയിലാക്കാൻ മെസി തന്ത്രം മെനഞ്ഞത് ഇങ്ങനെ..

“ഗോൾ പോസ്റ്റിന്റെ മധ്യത്തിലായി കീപ്പർ നിൽക്കുന്നതാണ് ഞാൻ കണ്ടത്. ആ പൊസിഷനിൽ നിൽക്കുന്ന ഗോൾകീപ്പറെ മറികടന്ന് പന്ത് വലയിലാക്കുക എളുപ്പമല്ല. എന്നാൽ ഗോൾകീപ്പർ ഒഴിച്ചിട്ട സ്പെയ്സിന്റെ ആനുകൂല്യം മുതലെടുക്കാനാണ് ഞാൻ ശ്രമിച്ചത്. കാരണം കൂടുതൽ നടുവിലായാണ് ഗോൾകീപ്പർ നിന്നത്. ഗോൾപോസ്റ്റ് അത്രയ്ക്ക് കീപ്പർ കവർ ചെയ്തിരുന്നില്ല. അതുകൊണ്ട് ആ സ്പെയ്സ് കണ്ടെത്താൻ എനിക്കായി,” മെസി പറഞ്ഞു.

പെനാൽറ്റി കിക്ക് എടുക്കുന്ന അനായാസയതോടെയാണ് മെസി ആ ഫ്രീകിക്ക് എടുത്തത്. മെസിയുടെ മാന്ത്രിക സ്പർഷം ഒരിക്കൽ കൂടി കാണാനായതിന്റെ ത്രില്ലിലാണ് ആരാധകർ. മാത്രമല്ല പോർട്ടോയെ തോൽപ്പിച്ചതോടെ ഒരു യൂറോപ്യൻ ക്ലബിനെതിരെ എംഎൽഎസ് ടീമിന്റെ ആദ്യ ജയവുമായി അത് മാറി.

ഫ്രീകിക്കിൽ നിന്നുള്ള മെസിയുടെ 68ാമത്തെ ഗോളായിരുന്നു അത്. അത് മാത്രമല്ല, ഈ ഗോളിലൂടെ മറ്റൊരു വമ്പൻ റെക്കോർഡും മെസി തന്റെ പേരിലാക്കി. ഫിഫ ടൂർണമെന്റുകളിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായി മെസി മാറി.  25 ഗോളുകളാണ് ഫിഫ ടൂർണമെന്റുകളിൽ നിന്ന് മെസി ഇതുവരെ സ്കോർ ചെയ്തത്.

രണ്ട് ദശകത്തിന് ഇടയിൽ 10 വ്യത്യസ്ഥ ഫിഫ ടൂർണമെന്റുകളിൽ നിന്നാണ് മെസിയുടെ ഈ 25 ഗോളുകൾ വന്നത്. 17 ഗോളുകളാണ് ഫിഫ ടൂർണമെന്റുകളിൽ നിന്ന് പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്കോർ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *