ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റീസ് കെ.എം.ജോസഫിന്റെ സീനിയോരിറ്റിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. മാനദണ്ഡങ്ങള്‍ പാലിച്ചാണ് സീനിയോരിറ്റി നിശ്ചയിച്ചിരിക്കുന്നതെന്നാണ് കേന്ദ്രം പറയുന്നത്. നിയമന ഉത്തരവില്‍ ജസ്റ്റീസ് കെ.എം.ജോസഫിന് മുന്‍പ് ജസ്റ്റീസ് ഇന്ദിര ബാനര്‍ജി, ജസ്റ്റീസ് വിനീത് സരണ്‍ എന്നിവരുടെ പേരുകള്‍ ഉള്‍പ്പെട്ടിരുന്നു. ഇവര്‍ ഇരുവരും 2002ല്‍ ഹൈക്കോടതി ജഡ്ജിമരായാവരാണെന്നും 2004ല്‍ മാത്രമാണ് ജസ്റ്റീസ് കെ.എം.ജോസഫ് ഹൈക്കോടതി ജഡ്ജിയായതെന്നും കേന്ദ്രം വിശദീകരിച്ചു.

എന്നാല്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ചോദ്യം ചെയ്ത് സുപ്രീംകോടതി കൊളീജിയത്തിലെ ഭൂരിപക്ഷം ജഡ്ജിമാരും രംഗത്തെത്തി. ജുഡീഷ്യറിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൈകടത്തുന്നതിന്റെ സൂചനയാണിതെന്നും കൊളീജിയം ശിപാര്‍ശയില്‍ സീനിയോരിറ്റി ജസ്റ്റീസ് കെ.എം.ജോസഫിനാണെന്നും ജഡ്ജിമാര്‍ വാദിക്കുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പട്ട് ജസ്റ്റീസ് സിറിയക് ജോസഫിന്റെ നേതൃത്വത്തില്‍ ജഡ്ജിമാര്‍ ഇന്ന് ചീഫ് ജസ്റ്റീസിനെ കാണും.

ജനുവരി 10നാണ് കൊളീജിയം സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റീസ് കെ.എം.ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്തത്. എന്നാല്‍ രണ്ടു തവണ ശിപാര്‍ശ തള്ളിയ ശേഷമാണ് കേന്ദ്രം ജസ്റ്റീസ് ജോസഫിന്റെ പേര് അംഗീകരിച്ചത്. നിയമന ഉത്തരവില്‍ ജസ്റ്റീസുമാരായ ഇന്ദിര ബാനര്‍ജി, വിനീത് സരണ്‍ എന്നിവരുടെ പേരുകള്‍ക്ക് ശേഷം ജസ്റ്റീസ് ജോസഫിന്റെ പേര് ഉള്‍പ്പെടുത്തുകയും ചെയ്തു. കൊളീജിയം ഇവര്‍ ഇരുവര്‍ക്കും മുന്‍പ് ജസ്റ്റീസ് ജോസഫിന്റെ പേര് ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *