ഇറാനിലെ ആണവനിലയങ്ങൾ ആക്രമിച്ച് യുഎസ്. ഫോർദോ, നതാൻസ്, എസ്ഫാൻ ആണവനിലയങ്ങളിലാണ് ആക്രമണം. ഇറാന്റെ ഭൂഗർഭ ആണവനിലയം തകർക്കാൻ ശേഷിയുള്ള ജിബിയു–57 ബങ്കർ ബസ്റ്റർ ബോംബുകളുമായി ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങളാണ് ആക്രമണം നടത്തിയത്. ഗുവാം ദ്വീപിൽനിന്നാണ് അമേരിക്കൻ വിമാനങ്ങൾ പുറപ്പെട്ടത്.
ബി–2 സ്റ്റെൽത്ത് ബോംബർ വിമാനങ്ങൾ യുഎസിലെ മിസോറിയിലുള്ള വൈറ്റ്‌മാൻ വ്യോമസേനാ താവളത്തിൽ നിന്ന് പസിഫിക് ദ്വീപായ ഗ്വാമിലേക്കു നീങ്ങിയതോടെ ഏതുസമയവും ആക്രമണം ഉണ്ടായേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ഇറാൻ–ഇസ്രയേൽ സംഘർഷം പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് യുഎസും ആക്രമണത്തിൽ പങ്കാളിയാകുന്നത്. ഇറാനെ ആക്രമിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
‘‘മൂന്ന് ആണവ നിലയങ്ങളിൽ വിജയകരമായി ആക്രമണം നടത്തി. നതാൻസ്, ഫോർദോ, ഇസ്ഫാൻ എന്നീ ആണവനിലയങ്ങളിലാണ് ആക്രമണം നടത്തിയത്. എല്ലാ വിമാനങ്ങളും ആക്രമണത്തിനുശേഷം ഇറാന്റെ വ്യോമപരിധിയിൽനിന്ന് പുറത്തെത്തി. അമേരിക്കൻ സൈനികരെ അഭിനന്ദിക്കുന്നു. ലോകത്തിലെ മറ്റൊരു രാജ്യത്തിലെ സൈന്യത്തിനും ഇത് ചെയ്യാനാകില്ല. ഇനി സമാധാനത്തിന്റെ സമയമാണ്’’ – ട്രംപ് സമൂഹമാധ്യമത്തിൽ പറഞ്ഞു. ആക്രമിച്ചാൽ സ്ഥിതിഗതികൾ ഗുരുതരമാകുമെന്ന് ഇറാന്റെ വിദേശകാര്യമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതോടെ യുദ്ധത്തിന്റെ രൂപം തന്നെ മാറിയേക്കാം.
ഇറാനിലെ ഇസ്ഫഹാനിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആണവനിലയത്തിനു കേടുപറ്റി. രണ്ടാംതവണയാണ് ഈ ആണവകേന്ദ്രത്തിൽ ബോംബിടുന്നത്. ഇറാൻ സേനയിലെ മുതിർന്ന കമാൻഡറായ സഈദ് ഇസാദി കൊല്ലപ്പെട്ടു. ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഇറാൻ തുടർന്നു. ടെൽ അവീവിൽ അടക്കം ഇസ്രയേൽ നഗരങ്ങളിൽ രാത്രി പലവട്ടം മുന്നറിയിപ്പു സൈറൺ മുഴങ്ങി.
റവല്യൂഷനറി ഗാർഡിന്റെ (ഐആർജിസി) ഭാഗമായ കുദ്സ് ഫോഴ്സിലെ പലസ്തീൻ കോറിന്റെ മേധാവിയായ ഇസാദിയും ഭാര്യയും ഇറാൻ നഗരമായ ഖുമിൽ പാർപ്പിട സമുച്ചയത്തിലെ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. കുദ്സ് ഫോഴ്സിലെ ആയുധവിഭാഗം കമാൻഡറായ ബഹ്‌നം ഷഹ്‌രിയാരിയെ ഡ്രോൺ ആക്രമണത്തിൽ വധിച്ചതായും ഇസ്രയേൽ പറഞ്ഞു.

