കോഴിക്കോട് -പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ്

കോഴിക്കോട്: യാത്രക്കാരുടെ നിരന്തര ആവശ്യം പരിഗണിച്ച് കോഴിക്കോട്-പാലക്കാട് റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് ആരംഭിച്ച് റെയിൽവേ. ശനി ഒഴികെ ആഴ്ചയിൽ ആറ് ദിവസം സർവീസ് നടത്തുന്ന ട്രെയിൻ സർവീസിനാണ് റെയിൽവേ തുടക്കം കുറിക്കുന്നത്.

രാവിലെ പത്ത് മണിക്ക് കോഴിക്കോട് നിന്ന് ആരംഭിച്ച് ഉച്ചക്ക് 1.05ന് പാലക്കാട് എത്തുന്ന രീതിയിലാണ് സർവീസ്. പാലക്കാട് നിന്ന് ഉച്ചക്ക് 1.50ന് യാത്രയാരംഭിച്ച് രാത്രി 7.40ന് കണ്ണൂരിൽ തിരിച്ചെത്തുന്ന രീതിയിലാണ് മടക്കയാത്ര. ഷൊർണൂർ-കണ്ണൂർ ട്രെയിൻ ആണ് പാല​ക്കാടേക്ക് നീട്ടിയത്. ഈ മാസം 23 മുതൽ ട്രെയിൻ സർവീസ് ആരംഭിക്കും.

പാലക്കാട്-കോഴിക്കോട് റൂട്ടിൽ കൂടുതൽ ട്രെയിനുകൾ ആരംഭിക്കണമെന്ന് നിരന്തരമായി ആവശ്യമുയർന്നിരുന്നു. നിലവിൽ പാലക്കാട് നിന്ന് കോഴിക്കോട്ടേക്ക് രാവിലെ 11.15ന് യാത്രതിരിക്കുന്ന മംഗലാപുരം എക്സ്പ്രസ് കഴിഞ്ഞാൽ മൂന്നരക്കുള്ള പാസഞ്ചറാണ് അടുത്ത ട്രെയിൻ. അതുകഴിഞ്ഞ രാത്രി എത്തുന്ന വെസ്റ്റ്കോസ്റ്റ് എക്സ്പ്രസ് മാത്രമാണ് പാലക്കാട് നിന്ന് വടക്കൻ കേരളത്തിൽ നിന്നുള്ള ട്രെയിൻ.

മംഗളൂരു-കോയമ്പത്തൂർ റൂട്ടിൽ പുതിയ ട്രെയിൻ സർവീസ് തുടങ്ങണമെന്നും വന്ദേഭാരത് ട്രെയിൻ പാലക്കാട് -കോഴിക്കോട് റൂട്ടിലും ഓടിക്കണമെന്ന് ആവശ്യം ഉയർന്നുവെങ്കിലും ഇതൊന്നും അനുവദിക്കാൻ ഇതുവരെ റെയിൽവേ തയാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *