ദോഹയിലെ യുഎസ് സൈനികത്താവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമമേഖല അടച്ച് ഖത്തറും യുഎഇയും ബഹ്റൈനും

ഖത്തറിലെ ദോഹയിൽ ഇറാന്റെ മിസൈൽ ആക്രമണം. യുഎസ് സൈനികത്താവളങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഖത്തർ സ്ഥിരീകരിച്ചു.  പ്രാദേശിക സമയം രാത്രി 7.42ന് ആണ് സ്ഫോടന ശബ്ദം ഉണ്ടായത്. ഇറാന്റെ മിസൈലുകളെ ആകാശത്ത് തന്നെ പ്രതിരോധിച്ചതായാണ് വിവരം. ജനവാസ മേഖലയിൽ മിസൈലുകൾ വീണതായി റിപ്പോർട്ട് ഇല്ല. ആക്രമണത്തിൽ ആർക്കെങ്കിലും അപകടമില്ലെന്ന് ഖത്തർ അറിയിച്ചു. പിന്നാലെ ഖത്തറും യുഎഇയും ബഹ്റൈനും വ്യോമപാത താൽക്കാലികമായി അടച്ചു. ഇന്ത്യയിലേക്കുള്ള വിമാന സർവീസുകളെ ഇത് ബാധിക്കും.

ഖത്തറിലെ അല്‍ ഉദെയ്ദിലുള്ള യുഎസ് സൈനിക താവളത്തിൽ നാശകരവും ശക്തവുമായ ആക്രമണം നടത്തിയെന്നു ഇറാൻ സൈന്യം സ്ഥിരീകരിച്ചു. വിജയ പ്രഖ്യാപനം എന്നു പേരിട്ടാണ് ഇറാന്റെ ആക്രമണം. അയൽരാജ്യമായ ഖത്തറുമായുള്ള സൗഹൃദത്തെ ഇത് ബാധിക്കില്ലെന്ന് ഇറാൻ പ്രതികരിച്ചു. ഇറാഖിലെ യുഎസ് സൈനിക താവളത്തിലും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്.

യുഎസ് താവളങ്ങളിൽ ആക്രമണം നടത്താൻ ഇറാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനു പിന്നാലെയാണ് ആക്രമണം നടന്നതായി റിപ്പോർട്ട്. മധ്യപൂർവദേശത്തുള്ള യുഎസ് സൈനിക താവളങ്ങൾ ആക്രമിക്കാൻ ഇറാൻ തയാറെടുപ്പ് നടത്തുകയാണെന്നും ഇതിനായി മിസൈൽ ലോഞ്ചറുകൾ സജ്ജമാക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് റിപ്പോർട്ട് ചെയ്‌തത്. ഖത്തറിലെ യുഎസ്, യുകെ പൗരന്മാർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *