വെടിനിർത്തലെന്ന് ട്രംപ്; ഇല്ലെന്ന് ഇറാൻ, കൂപ്പുകുത്തി ക്രൂഡ് ഓയിൽ, സ്വർണവും താഴേക്ക് !

ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന്റെയും ആഗോള ഓഹരി വിപണികളിലെ നേട്ടത്തിന്റെയും ചുവടുപിടിച്ച് ഇന്ന് പ്രീ-ഓപ്പണിൽ‌ തന്നെ കുതിച്ചുകയറി ഇന്ത്യൻ ഓഹരി വിപണികൾ. സെൻസെക്സ് 637 പോയിന്റും (+0.78%) നിഫ്റ്റി 208 പോയിന്റും (+0.83%) മുന്നേറി. ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞതും നേട്ടമായി.

വിശാലവിപണിയിൽ എല്ലാ ഓഹരി വിഭാഗങ്ങളും നേട്ടത്തിലാണ്. രൂപ ഡോളറിനെതിരെ തകർപ്പൻ ഫോമിലേക്ക് തിരിച്ചെത്തി. ഇന്ന് 64 പൈസയുടെ ഒറ്റക്കുതിപ്പുമായി 86.11ലാണ് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ രൂപ ഇത്രയും നേട്ടത്തിൽ വ്യാപാരം തുടങ്ങിയതും ആദ്യം.

പശ്ചിമേഷ്യയിൽ രണ്ടാഴ്ചയോളം നീണ്ട ‘സംഘർഷത്തിന്’ വിരാമമാകുന്നെന്ന പ്രതീക്ഷ നൽകി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വെടിനിർത്തൽ ‘പ്രഖ്യാപിച്ചതോടെ’ ആഗോള ഓഹരി വിപണികളിൽ വൻ ഉണർവ്. ഇന്ത്യയിൽ ഗിഫ്റ്റ് നിഫ്റ്റിയും കുതിച്ചുകയറിയത് നിക്ഷേപകർക്ക് സമ്മാനിക്കുന്നത് വൻ പ്രതീക്ഷ.

അതേസമയം, വെടിനിർത്താൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ഇറാൻ പക്ഷേ, ഇസ്രയേലോ യുഎസോ ആക്രമണം അവസാനിപ്പിച്ചാൽ ഇറാനും സംയമനം പാലിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ആണവ കേന്ദ്രങ്ങളെ ആക്രമിച്ച യുഎസിന് തിരിച്ചടി നൽകാനെന്നോണം ഖത്തറിലെയും ബഗ്ദാദിലെയും യുഎസ് സൈനിക താവളങ്ങൾക്കുനേരെ ഇറാൻ‌ മിസൈലാക്രമണം നടത്തിയത് യുഎസ് സ്ഥിരീകരിച്ചു; ആളപായമില്ല

ഗൾഫ് മേഖലയിൽ നിന്ന് ലോക എണ്ണവിപണിയിലേക്കുള്ള ചരക്കുനീക്കത്തിന്റെ മുഖ്യപാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ അടയ്ക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. ഇറാനിലെ തന്ത്രപ്രധാന എണ്ണമേഖലയായ ഖർഗ് ദ്വീപിൽനിന്ന് തടസ്സമില്ലാതെ വിതരണം തുടരുന്നതും ക്രൂഡ് ഓയിൽ വിലയുടെ തിരിച്ചിറക്കത്തിന് വഴിവച്ചു.

ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിക്കുന്നത് സ്വർണവില താഴേക്കിറങ്ങാൻ വഴിയൊരുക്കും. പൊതുവേ യുദ്ധസമാന സാഹചര്യങ്ങളിൽ ‘സുരക്ഷിത നിക്ഷേപം’ എന്നോണം സ്വീകാര്യത നേടി സ്വർണവില മുന്നേറാറുണ്ട്. ഇക്കുറി പക്ഷേ, ആ ട്രെൻഡ് ദൃശ്യമായിരുന്നില്ല. ഇപ്പോൾ സംഘർഷത്തിന് അയവുവരുന്നത് ഓഹരി, കടപ്പത്ര വിപണികൾക്ക് ഉണർവാകും. സ്വർണം താഴേക്കുമിറങ്ങുമെന്നും റിപ്പോർട്ടുകൾ വരുന്നു .

Leave a Reply

Your email address will not be published. Required fields are marked *