കൂറ്റന്‍ വിജയലക്ഷ്യം മറികടന്ന് ഇംഗ്ലണ്ട്; ഹെഡിംഗ്‌ലി ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി

ഹെഡിംഗ്‌ലി (ലീഡ്‌സ്): ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റ്‌ വിജയം. 371 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ച്വറി നേടിയ ഓപ്പണര്‍ ബെന്‍ ഡക്കറ്റ് (149) ആണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്‌കോറര്‍. ഒന്നാം വിക്കറ്റില്‍ സാക് ക്രൗളിക്ക് (65) ഒപ്പം ഡക്കറ്റ് പടുത്തുയര്‍ത്തിയ 188 റണ്‍സ് കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയിട്ടത്. ജോ റൂട്ട് അര്‍ദ്ധ സെഞ്ച്വറി (53*) നേടി പുറത്താകാതെ നിന്നുഅഞ്ച് മത്സര പരമ്പരയില്‍ ഇംഗ്ലണ്ട് (1-0) മുന്നിലെത്തി.

സ്‌കോര്‍: ഇന്ത്യ 471 & 364 | ഇംഗ്ലണ്ട് 465 & 373-5

അവസാന ദിവസം പത്ത് വിക്കറ്റുകള്‍ കൈയിലിരിക്കെ 350 റണ്‍സ് കൂടിയായിരുന്നു ഇംഗ്ലണ്ടിന് ജയത്തിനായി വേണ്ടിയിരുന്നത്. ക്രൗളി – ഡക്കറ്റ് സഖ്യം മികച്ച രീതിയില്‍ ബാറ്റ് വീശിയപ്പോള്‍ ആദ്യ സെഷനില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് കഴിഞ്ഞില്ല. സാക് ക്രൗളിയെ മടക്കി പ്രസീദ്ധ് കൃഷ്ണയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സ്‌കോര്‍ 206ല്‍ എത്തിയപ്പോള്‍ മികച്ച ഫോമിലുള്ള ഒലി പോപ്പിനെയും പ്രസീദ്ധ് കൃഷ്ണ ക്ലീന്‍ ബൗള്‍ഡാക്കി.

ജോ റൂട്ട് – ബെന്‍ ഡക്കറ്റ് സഖ്യം ശ്രദ്ധയോടെ ബാറ്റ് വീശി റണ്‍നിരക്ക് താഴാതെ നിലനിര്‍ത്തി. തുടര്‍ച്ചയായി രണ്ട് പന്തുകളില്‍ ബെന്‍ ഡക്കറ്റിനേയും ഹാരി ബ്രൂക്കിനേയും (0) പുറത്താക്കി ഷാര്‍ദുല്‍ താക്കൂര്‍ ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. സ്‌കോര്‍ 253ല്‍ നില്‍ക്കവെയാണ് ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായത്. ആറാമനായി എത്തിയ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് (33) റണ്‍സ് നേടി പുറത്തായി. സ്‌കോര്‍ 300 കടത്തിയ ശേഷമാണ് നായകന്‍ മടങ്ങിയത്. പിന്നീട് വന്ന വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത്ത് (44*)റൂട്ടിനൊപ്പം കൂടുതല്‍ നഷ്ടങ്ങളുണ്ടാക്കാതെ വിജയത്തിലേക്ക് ടീമിനെ നയിക്കുകയായിരുന്നു.

ഇന്ത്യക്ക് വേണ്ടി പ്രസീദ്ധ് കൃഷ്ണ, ഷാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും രവീന്ദ്ര ജഡേജ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിംഗില്‍ ശക്തമായ നിലയില്‍ നിന്നതിന് ശേഷം കൂട്ടത്തോടെ തകര്‍ച്ചയിലേക്ക് വീണതാണ് മത്സരത്തില്‍ ഇന്ത്യക്ക് തിരിച്ചടിയായി മാറിയത്. അഞ്ച സെഞ്ച്വറികളാണ് ഇന്ത്യന്‍ ബാ്റ്റര്‍മാര്‍ ഹെഡിംഗ്‌ലിയില്‍ അടിച്ചെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *