വള്ളിക്കുന്ന്: അപകടാവസ്ഥയിലായ കടലുണ്ടിക്കടവ് പാലത്തിലൂടെ നിരോധനം ലംഘിച്ച് ചരക്ക് വാഹനങ്ങള്‍ ചീറിപ്പായുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തി സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തെറിഞ്ഞാണ് വലിയ വാഹനങ്ങള്‍ പാലത്തിലൂടെ കുതിക്കുന്നത്. യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ തകര്‍ച്ചയിലായ പാലത്തിലൂടെ വലിയ വാഹനങ്ങളുടെ ഗതാഗതം നേരത്തെ നിരോധിച്ചിരുന്നു. ഈ നില തുടര്‍ന്നാല്‍ പാലം വൈകാതെ തകര്‍ന്നുവീഴുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മലപ്പുറം -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ച് അഴിമുഖത്തിനു മുകളിലൂടെ കടന്നുപോകുന്ന ഏറ്റവും നീളമുള്ള പാലമാണ് കടലുണ്ടിക്കടവ് പാലം. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് മണ്ഡലത്തിലും കോഴിക്കോട് ജില്ലയില്‍ പൊതുമരാമത്ത് മന്ത്രിയുടെ മണ്ഡലമായ ബേപ്പൂരിലുമായി സ്ഥിതി ചെയ്യുന്ന പാലം ഏറെക്കാലമായി തകര്‍ച്ചയിലാണ്. യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പെടുന്ന ഭാഗത്തെ ഏതാനും സ്പാനുകളുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് പാലം തകര്‍ച്ചഭീഷണിയിലാണ്. പാലം അപകടാവസ്ഥയിലായതോടെ അടുത്തിടെ വലിയ വാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ ബാരിക്കേഡും മുന്നറിയിപ്പ് ബോര്‍ഡും സ്ഥാപിച്ചിരുന്നു.

എന്നാല്‍, ഈ ബാരിക്കേഡും തകര്‍ത്താണ് ഇപ്പോള്‍ വലിയ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറിപ്പായുന്നത്.പാലത്തിന്റെ ഇരുഭാഗത്തുമായി സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ത്തിട്ടുണ്ട്. പാലത്തിന്റെ 11, 12 സ്പാനുകള്‍ക്ക് ആണ് കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളത്. കൈവരിയും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. 2.40 മീറ്റര്‍ വീതിയില്‍ കൂടുതലുള്ള വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കാതിരിക്കാത്ത രീതിയിലാണ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നത്. ബോര്‍ഡും, ബാരിക്കേഡും സ്ഥാപിച്ചുപോയ ഉദ്യോഗസ്ഥർ പിന്നീട് പരിശോധനക്കായി ഈ വഴി വന്നിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

