മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്നു; കോഴിക്കോട്ട് അഞ്ച് പേർ കസ്റ്റഡിയിൽ, കാറിനുള്ളിൽ വാക്കിടോക്കി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറിയ വാഹനവും അതിലുണ്ടായിരുന്ന അഞ്ച് പേരും പൊലീസ് കസ്റ്റഡിയിൽ. കണ്ണൂരിൽ നിന്ന് കോഴിക്കോട് ഗസ്റ്റ് ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം. രാത്രി പത്ത് മണിയോടെ എലത്തൂർ എത്തുന്നതിന് മുമ്പ് ഈ വാഹനം മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് കയറുകയായിരുന്നു. പുറത്തുകടക്കാൻ പൊലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും കാറിലുള്ളവർ അനുസരിച്ചില്ല. ഇതേത്തുടർന്നാണ് ചുങ്കത്ത് വച്ച് പൊലീസ് വാഹനം തടഞ്ഞ് വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേരെയും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

നടക്കാവ് പൊലീസ് കസ്റ്റഡിയിൽ എടുത്ത ഇവരെ ചോദ്യം ചെയ്തപ്പോൾ ഇലക്ട്രിക്ക് വർക്കുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്നു എന്നാണ് പറഞ്ഞത്. കാറിനുള്ളിൽ നിന്ന് വാക്കിടോക്കി കണ്ടെടുത്തിട്ടുണ്ട്. മലപ്പുറം സ്വദേശികളായ നസീബ്, ജ്യോതിബാസ്, മുഹമ്മദ് ഹാരിസ്, ഫൈസല്‍, പാലക്കാട് സ്വദേശി അബ്ദുല്‍ വാഹിദ് എന്നിവരെയാണ് കസ്റ്റഡ‌ിയിൽ എടുത്തത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹമാണെന്ന് അറിയാതെയാണ് കയറിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *