പട്ടിക്കാട്: കുതിരാന്‍ തുരങ്കത്തിന്റെ മുകള്‍വശം ഇടിഞ്ഞു. കുതിരാന്‍ ഇരട്ടതുരങ്കത്തിന്റെ കിഴക്കുഭാഗത്തെ കവാടത്തിന് മുകള്‍വശത്തെ ഷോട്ട്ക്രീറ്റ് ചെയ്തതാണ് ഇടിഞ്ഞുകൊണ്ടിരിക്കുന്നത്. 95 ശതമാനം പണികഴിഞ്ഞ ആദ്യ തുരങ്കത്തിന്റെ മുകള്‍വശമാണ് ഇപ്പോള്‍ ഇടിഞ്ഞത്.

പുലര്‍ച്ചെ ആറോടെയാണ് ഇവിടം ഇടിഞ്ഞു തുടങ്ങിയത്. ഷോട്ട്ക്രീറ്റ് ചെയ്ത ഈ ഭാഗം അധികം ഉറപ്പില്ലാത്ത മണ്ണാണ്. വനഭൂമിയായതിനാല്‍ ഇവിടെ ധാരാളം മരങ്ങളുണ്ട്. ഈ അപകടം മുന്നില്‍ കണ്ടുകൊണ്ട് തുരങ്കത്തിന്റെ നിര്‍മാണ ചുമതലയുള്ള പ്രഗതി ഗ്രൂപ്പ് 15 മീറ്റര്‍ മുന്നോട്ട് നീക്കിയാണ് പ്രധാന കവാടം നിര്‍മിച്ചിട്ടുള്ളത്.

ഈ അപാകത ചൂണ്ടിക്കാണിച്ചുകൊണ്ട് ആറുമാസം മുമ്പ് പ്രഗതി ഗ്രൂപ്പ് തുരങ്കത്തിനു മുകളില്‍ ഇടതുവശത്തേക്കും വലതുവശത്തേക്കും വെള്ളം ഒഴുക്കുന്നതിനുവേണ്ടി കാച്ച് വാട്ടര്‍ ഡ്രൈനേജ് നിര്‍മിക്കുന്നതിനുവേണ്ടി വനം വകുപ്പില്‍നിന്നും അനുമതി വാങ്ങിതരണമെന്ന് ആവശ്യപ്പെട്ട് കെഎംസിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കെഎംസി അനുമതിക്കായി വനംവകുപ്പിനെ സമീപിച്ചിട്ടുണ്ട് എന്നാണ് സൂചന.

എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും വനംവകുപ്പ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. ഈ ഡ്രൈനേജ് സംവിധാനം മുകളിലുണ്ടെങ്കില്‍ ഇങ്ങനെയുള്ള അപകടങ്ങള്‍ ഉണ്ടാകില്ലായെന്ന് പ്രഗതി ഗ്രൂപ്പ് അധികൃതര്‍ പറയുന്നു. ജില്ലാ കളക്ടര്‍, പീച്ചി പോലീസ് എന്നിവര്‍ക്ക് ഇതുസംബന്ധിച്ച വിവരം പ്രഗതി ഗ്രൂപ്പ് കൈമാറിയിട്ടുണ്ട്.

കവാടത്തിനു മുന്നില്‍ കിഴക്കും പടിഞ്ഞാറുമുള്ള തുരങ്ക മുഖങ്ങളില്‍ ഇതുപോലെ അപകടഭീഷണിയുള്ള പാറക്കല്ലുകള്‍ പൊട്ടിച്ച് നീക്കാനുണ്ട്. എന്നാല്‍ ഇവ പൊട്ടിക്കാനുള്ള അനുമതിക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് പറയുന്‌പോള്‍ അപേക്ഷ നല്‍കിയെന്ന് എന്‍എച്ച്‌ഐ അവകാശപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *