ഒരാളെ കൂടി കൊന്നെന്ന് വെളിപ്പെടുത്തി​ മുഹമ്മദലി; കൊലപാതകം നടത്തിയത് മൂന്ന് പതിറ്റാണ്ട് മുമ്പ് സുഹൃത്തുമായി ചേർന്നെന്നും മൊഴി

കോഴിക്കോട്: രണ്ടാമതൊരു കൊലപാതകം കൂടി നടത്തിയെന്ന് വെളിപ്പെടുത്തി തിരുവമ്പാടി സ്വദേശി മുഹമ്മദലി. 1989ൽ കോഴിക്കോട് വെച്ച് കൊലപാതകം നടത്തിയെന്നാണ് മുഹമ്മദാലി പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. പണം തട്ടിപ്പറിച്ച് ഓടിയയാളെ താനും സുഹൃത്തും ചേർന്ന് കൊലപ്പെടുത്തിയെന്നാണ് കേസ്.

വെളിപ്പെടുത്തലിന് പിന്നാലെ നടക്കാവ് പൊലീസ് ഇക്കാര്യത്തിൽ പരിശോധന നടത്തുകയും സംഭവം നടന്നിട്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. എന്നാൽ, വെളിപ്പെടുത്തൽ നടത്തിയ മുഹമ്മദാലിയുടെ മാനസികനില പരിശോധിക്കാൻ തീരുമാനിച്ചതായി പൊലീസ് അറിയിച്ചു. മുഹമ്മദാലിക്ക് മാനസികപ്രശ്നങ്ങളുണ്ടെന്ന് സഹോദരൻ തന്നെ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

14ാം വയസിൽ താനൊരാളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് സ്റ്റേഷനിലെത്തി മുഹമ്മദാലി വെളിപ്പെടുത്തിയിരുന്നു. മലപ്പുറം വേങ്ങര പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കുറ്റം ഏറ്റുപറഞ്ഞത്. എന്നാൽ, കൊല്ലപ്പെട്ടത് ആരാണെന്ന് പിടികിട്ടാത്തത് കൊണ്ട് പൊലീസിനാണ് ഇനിയുള്ള പണി.

കഴിഞ്ഞ ജൂൺ അഞ്ചിനാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്. 1986ൽ, നവംബറിലാണ് സംഭവം. കൂടരഞ്ഞിയിലെ ദേവസ്യ എന്നയാളുടെ പറമ്പിൽ കൂലിപ്പണി ചെയ്തുകൊണ്ടിരിക്കെ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ അടുത്തുള്ള തോട്ടിലേക്ക് ചവിട്ടി വീഴ്ത്തി. അവിടെ നിന്ന് ഓടിപോയി രണ്ട് ദിവസം കഴിഞ്ഞാണ് തോട്ടിൽ മുങ്ങി അയാൾ മരിച്ചുവെന്ന് അറിയുന്നതെന്നും മുഹമ്മദലി മൊഴി നൽകി.

അപസ്മാരം ഉണ്ടായിരുന്ന ആളുടേത് സ്വാഭാവിക മരണമാകുമെന്നു നാട്ടുകാരും പറഞ്ഞതോടെ പൊലീസ് അങ്ങനെ കേസെടുത്തു. മരിച്ചയാളെ തിരിച്ചറിയാൻ ബന്ധുക്കളാരും എത്തിയുമില്ല. തുടർന്ന് അജ്ഞാത മൃതദേഹമായി സംസ്കരിച്ച് കേസിലെ നടപടികൾ അവസാനിപ്പിച്ചു. മുഹമ്മദലിയുടെ വെളിപ്പെടുത്തൽ സ്ഥിരീകരിച്ച പൊലീസ് കഴിഞ്ഞ ദിവസം ഇയാൾക്കെതിരെ കേസെടുത്ത് റിമാൻഡ് ചെയ്തു.

മൂത്ത മകന്റെ മരണവും രണ്ടാമത്തെ മകന്റെ അപകടവും കഴിഞ്ഞപ്പോൾ കുറ്റബോധം കൊണ്ട് ഉറങ്ങാൻ പോലും പറ്റുന്നില്ലെന്നും 14ാം വയസ്സിൽ ഒരു കൊലപാതകം നടത്തിയിട്ടുണ്ടെന്നും പറഞ്ഞാണ് മുഹമ്മദലി പൊലീസ് സ്റ്റേഷനിൽ എത്തിയത്. മുഹമ്മദലി പൊലീസിനൊപ്പം കൂടരഞ്ഞിയിൽ എത്തി കൊല നടന്ന സ്ഥലവും കാണിച്ചുകൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *