വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചു. തലാലിന്‍റെ കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് നടപടി. യെമന്‍ ഭരണകൂടമാണ് വധശിക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടത്. വസാബിയിലെ ഷെയ്ഖ് ഇടപെട്ടതോടെയാണ് തീരുമാനമായത്. വധശിക്ഷ മാറ്റിവച്ച വിവരം യെമനില്‍ നിന്നും സാമുവല്‍ ജെറോ സ്ഥിരീകരിച്ചു. ദയാധനം സ്വീകരിക്കാന്‍ തലാലിന്‍റെ കുടുംബം തയ്യാറേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. നാളെ വധശിക്ഷ നടപ്പിലാക്കാനിരിക്കെയാണ് ഏറെ ആശ്വാസം പകരുന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ കാന്തപുരം അബുബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ ചര്‍ച്ചകളും ഇടപെടലുകളും നടന്നിരുന്നു.
പാലക്കാട് കൊല്ലങ്കോട് സ്വദേശിയാണു നിമിഷപ്രിയ. 2015 യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ ക്ലിനിക് ആരംഭിച്ചിരുന്നു. പിന്നീട് സഹപ്രവര്‍ത്തകയുമായി ചേര്‍ന്ന് തലാലിനെ കൊന്നുവെന്നാണ് കേസ്. ഈ കേസിൽ അറസ്റ്റിലായതു മുതൽ ജയിലിലാണു നിമിഷപ്രിയ. കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ 2020ലാണ് വധശിക്ഷ വിധിച്ചത്. ഈ തീരുമാനം ഹൂതി സുപ്രീം കൗണ്‍സില്‍ അംഗീകരിച്ചിരുന്നു.
കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവും, ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും, സർക്കാർ പ്രതിനിധികളും ഇന്നത്തെ ചർച്ചയിൽ പങ്കെടുത്തിരുന്നു. യെമനിലെ സൂഫി പണ്ഡിതൻ ഷെയ്ഖ് ഹബീബ് ഉമറിന്റെ ഇടപെടലുകളാണ് നിർണായകമായത്. കാന്തപുരവുമായി അടുത്ത സൗഹൃദമുള്ളയാളാണ് ഷെയ്ഖ് ഹബീബ്. മർക്കസ് നോളജ് സിറ്റിയുടെ ഉദ്ഘാടനത്തിന് അദ്ദേഹം കേരളത്തിൽ വന്നിരുന്നു. തലാലിന്റെ കുടുംബത്തെ അനുനയിപ്പിക്കുന്നതോടൊപ്പം അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തി നാളെ നടത്താൻ നിശ്ചയിച്ച ശിക്ഷാ നടപടി ഒഴിവാക്കി കിട്ടുന്നതിനുള്ള അടിയന്തര ഇടപെടലുകളാണ് ഉണ്ടായത്.

