തൊടുപുഴ: ഇടുക്കിയില്‍ ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തെ ഷട്ടര്‍ തുറന്നു. ജലനിരപ്പ് 2401.60 അടിയായ സാഹചര്യത്തിലാണ് അഞ്ചാമത്തെ ഷട്ടറും തുറന്നത്.

അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. ഇതേതുടര്‍ന്ന് മൂന്ന് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതം നേരത്തെ ഉയര്‍ത്തിയിരുന്നു.

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി ഇന്നലെത്തന്നെ അതീവ ജാഗ്രതാ നിര്‍ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചിരുന്നു. അര്‍ധരാത്രിക്ക് 2400.38 അടിയായിരുന്നു ഡാമിലെ ജലനിരപ്പ്. രാവിലെ അത് 2401നു മുകളില്‍ എത്തുകയായിരുന്നു.

വ്യാഴാഴ്ച വൈകിട്ട് 4.30ന് ട്രയല്‍ റണ്‍ അവസാനിപ്പിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ നീരൊഴുക്കു തുടരുന്നതിനാല്‍ രാത്രിയിലും ട്രയല്‍ റണ്‍ തുടര്‍ന്നു. ജലനിരപ്പ് 2399.04 അടിയിലെത്തിയപ്പോഴാണ് ഇന്നലെ ഉച്ചയ്ക്ക് 12.31 ന് ട്രയല്‍ റണ്‍ ആരംഭിച്ചത്. മൂന്നാമത്തെ ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലം വീതമാണ് ഒഴുക്കിവിട്ടത്. 2403 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. 26 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്.

അതേസമയം, ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയില്‍ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീന്‍പിടിക്കുന്നതിനും സെല്‍ഫി എടുക്കുന്നതിനും കര്‍ശന നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *