കണ്ണൂര്‍: പരിയാരത്ത് രണ്ടുമക്കളുമായി യുവതി കിണറ്റില്‍ ചാടി. പരിയാരം ചെറുതാഴം ശ്രീസ്ഥയില്‍ അടുത്തിലക്കാരൻ വീട്ടിൽ ധനേഷിന്‍റെ ഭാര്യ ധനഞ്ജയാണ് കിണറ്റിൽ ചാടിയത്. ബുധനാഴ്ച ഉച്ചക്ക് 11.30 മണിയോടെയാണ് സംഭവം.
നാട്ടുകാരാണ് മൂവരെയും രക്ഷപ്പെടുത്തിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആറു വയസ്സുള്ള മൂത്ത മകൻ ധ്യാൻ കൃഷ്ണയുടെ നില ഗുരുതരമാണ്. നാലു വയസ്സുകാരി ദേവികക്കും സാരമായി പരിക്കേറ്റു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയിരുന്നു.
കുടുംബ വഴക്കിനെ തുടർന്നാണ് ഈ ആത്മഹത്യാശ്രമം എന്നാണ് സൂചന. ഭർതൃമാതാവുമായി ധനജയയ്ക്ക് നേരത്തെ മുതൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഇത് സംബന്ധിച്ച് പരിയാരം പോലീസ് സ്റ്റേഷനിൽ യുവതിയും വീട്ടുകാരും പരാതി നൽകിയിരുന്നു. ഇന്ന് രാവിലെയും വീട്ടിൽ തർക്കങ്ങളുണ്ടായി. ഇതിന് പിന്നാലെയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. രാവിലെ 11:30 ഓടെ മക്കളുടെ കരച്ചിൽ കേട്ട് ഭർത്താവ് ധനേഷ് ഓടിയെത്തുകയായിരുന്നു. നാട്ടുകാരും പിന്നീട് ഫയർഫോഴ്സും ചേർന്നാണ് മൂന്നുപേരെയും കിണറ്റിൽ നിന്ന് പുറത്തെടുത്തത്.

