തിരുവനന്തപുരം: പിണറായിയുടെ വിജിലന്‍സ് അന്വേഷിച്ച് സാങ്കേതികമായി കുറ്റവിമുക്തനാക്കിയ ഇ.പി. ജയരാജനെ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം തികച്ചും അധാര്‍മികമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിച്ച് അധികാരത്തിലെത്തിയവര്‍, പാര്‍ട്ടി അഴിമതിക്കാരനാണെന്ന് കണ്ടെത്തിയ വ്യക്തിയെ മുഖ്യമന്ത്രിയുടെ ചുമതല വരെ നല്‍കിയാണ് വരവേല്‍ക്കുന്നത്. എ.കെ. ശശീന്ദ്രനെയും വെള്ള പൂശി തിരിച്ചെടുത്തു. തോമസ് ചാണ്ടിയെയും കൂടി തിരിച്ചെടുത്താല്‍ പിണറായിയുടെ അഴിമതിക്കെതിരേയുള്ള പോരാട്ടം പൂര്‍ണമാകും. പുതിയ മന്ത്രി വരുന്നത് കൊണ്ടാണ് വകുപ്പുകളില്‍ മാറ്റം ഉണ്ടായതെന്ന് സി.പി.എം പറയുന്നു. എന്നാല്‍ മന്ത്രിയെന്ന നിലയില്‍ കെ.ടി. ജലീലിന്റെയും പ്രൊഫ.സി. രവീന്ദ്രനാഥിന്റെയും സമ്ബൂര്‍ണ തകര്‍ച്ചയ്ക്ക് മറ പിടിക്കാനാണ് വകുപ്പു മാറ്റം നടത്തിയതെന്ന് വ്യക്തം.

യു.ഡി.എഫ് മന്ത്രിസഭയില്‍ 21 മന്ത്രിമാരും ഒരു ചീഫ് വിപ്പും ഉണ്ടായപ്പോള്‍ രൂക്ഷവിമര്‍ശനം നടത്തിയ ഇടതുപക്ഷത്തിന്റെ മന്ത്രിസഭയില്‍ ഇപ്പോള്‍ 20 പേരായി. സി.പി.ഐയ്ക്ക് കാബിനറ്റ് പദവിയുള്ള ചീഫ് വിപ്പിനെ നല്‍കുന്നു. ഇതോടെ കാബിനറ്റ് പദവിയില്‍ വി.എസ്. അച്യുതാനന്ദനും ബാലകൃഷ്ണ പിള്ളയും ഉള്‍പ്പെടെ മൂന്നു പേരായി. സംസ്ഥാനം രൂക്ഷമായ സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്നും എല്ലാവരും മുണ്ടുമുറുക്കിയുടുക്കണമെന്നും പറയുന്ന മുഖ്യമന്ത്രിക്ക് ഈ ധൂര്‍ത്തിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? അധികാരത്തിന്റെ ഒരു തുണ്ട് അപ്പക്കഷണം കിട്ടിയപ്പോള്‍ സി.പി.ഐയും പറഞ്ഞെതെല്ലാം വിഴുങ്ങി. അഴിമതിയുടെ കറ പുരണ്ടയാളെ മന്ത്രിയാക്കി സത്യപ്രതിജ്ഞ ചെയ്യിക്കണോയെന്ന് ന്യായാധിപന്‍ ആയിരുന്ന ഗവര്‍ണര്‍ ചിന്തിക്കണമെന്ന് ഹസന്‍ അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *