ന്യൂഡൽഹി: കനത്ത മഴയിൽ ഹരിഹർ നഗറിൽ ക്ഷേത്രമതിൽ മതിൽ ഇടിഞ്ഞുവീണ് ഒരുകുടുംബത്തിലെ ഏഴുപേർ മരിച്ചു. എട്ടുപേരാണ് അപകടത്തിൽപെട്ടത്. ഇതിൽ ഒരാൾ രക്ഷപ്പെട്ടതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. ഷബീബുൾ (30), റബീബുൾ (30), മുത്തു അലി (45), റുബിന (25), ഡോളി (25), റുക്ഷാന (6), ഹസീന (7) എന്നിവരാണ് മരിച്ചത്.
പ്ലാസ്റ്റിക് ഷീറ്റുകൾ വെച്ച് മറച്ച ചെറിയ കുടിലുകളിൽ താമസിച്ചിരുന്നവരാണ് അപകടത്തിൽപ്പെട്ടത്. കനത്ത മഴയ്ക്കിടെ കുടിലുകൾക്ക് മുകളിലേക്ക് ക്ഷേത്ര മതിൽ ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ശനിയാഴ്ച രാവിലെ ഏഴ് മണി മുതൽ കനത്ത മഴയാണ് ഡൽഹിയിൽ അനുഭവപ്പെടുന്നത്. മതിൽ ഇടിഞ്ഞുവീണ് അരമണിക്കൂറിന് ശേഷമാണ് ആളുകൾ സംഭവം അറിഞ്ഞത്. എൻഡിആർഎഫും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. എട്ടുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴുപേരും മരിച്ചു. അപകടംനടന്ന ചേരിപ്രദേശത്തുനിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്.

