പ്രധാനമന്ത്രി നരേന്ദ്ര മോദി 2025-ലെ സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നടത്തിയ 103 മിനിറ്റ് നീളുന്ന പ്രസംഗം പുതിയ റെക്കോർഡായി മാറിയിരിക്കുകയാണ്. 2024-ൽ നടത്തിയ 98 മിനിറ്റ് പ്രസംഗം അതുവരെ ഉണ്ടായിരുന്ന ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗമായിരുന്നു. ഇത്തവണ മോദി അതിനെ മറികടക്കുകയായിരുന്നു.
2014-ൽ അധികാരത്തിലെത്തിയതു മുതൽ മോദിയുടെ 12-ാമത് സ്വാതന്ത്ര്യദിന അഭിസംബോധനയായിരുന്നു ഇത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 11 പ്രസംഗങ്ങളുടെ റെക്കോർഡും ഇതിലൂടെ മോദി മറികടന്നു. തുടർച്ചയായി ഇത്രയും കാലം സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ ജവഹർലാൽ നെഹ്‌റുവിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയായി ഇതോടു കൂടി മോദി മാറി.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ഓഗസ്റ്റ് 15 ന് ഏറ്റവും കൂടുതൽ സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയ പ്രധാനമന്ത്രി, ജവഹർലാൽ നെഹ്‌റു ആണ്. 1947 മുതൽ 1963 വരെ 17 തവണ അദ്ദേഹം രാജ്യം അഭിസംബോധന ചെയ്തു. ഇന്ദിരാഗാന്ധി 16 പ്രസംഗങ്ങൾ നടത്തിയെങ്കിലും അതിൽ 11 എണ്ണം മാത്രമാണ് തുടർച്ചയായ വർഷങ്ങളിൽ നടന്നത്. മൻമോഹൻ സിംഗ് (10 പ്രസംഗങ്ങൾ), വാജ്‌പേയി (6), പി.വി. നരസിംഹറാവു (4), രാജീവ് ഗാന്ധി (5), ലാൽ ബഹദൂർ ശാസ്ത്രി 1964 ലും 1965 ലും രണ്ട് പ്രസംഗങ്ങൾ നടത്തി, മൊറാർജി ദേശായി അടിയന്തരാവസ്ഥയ്ക്ക് ശേഷം രണ്ട് തവണ രാജ്യത്തെ അഭിസംബോധന ചെയ്തു. ചൗധരി ചരൺ സിംഗ്, വി.പി. സിംഗ്, എച്ച്.ഡി. ദേവഗൗഡ, ഇന്ദർ കുമാർ ഗുജറാൽ എന്നിവരക്ക് ഓരോ പ്രസംഗങ്ങൾ മാത്രമാണ് നടത്തിയതെങ്കിലും രാഷ്ട്രത്തോടുള്ള ഒരോ അഭിസംബോധനകളും ചരിത്രത്തിൻ്റെ ഭാഗമാണ്.
മോദിയുടെ സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ രാജ്യത്തിന്റെ പുരോഗതി, വെല്ലുവിളികൾ, നയപരമായ കാര്യങ്ങൾ, വികസനയാത്ര, ദേശീയ ഐക്യം, ഭരണ കാര്യക്ഷമത എന്നിവയെ കുറിച്ച് സുദീർഘമായ കാര്യങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ഇന്ന് അദ്ദേഹം നടത്തിയ ഏറ്റവും ദൈർഘ്യമേറിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ നിരവധി പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു. മിഷൻ സുദർശൻ ചക്ര, നാഷണൽ ഡെമോഗ്രഫി മിഷൻ, പിഎം വികാസ് ഭാരത് റോജ്ഗർ യോജന, നാഷണൽ ഡീപ്പ് വാട്ടർ എക്സ്പ്ലോറേഷൻ മിഷൻ, നാഷണൽ ക്രിട്ടിക്കൽ മിനറൽസ് മിഷൻ, ജിഎസ്ടി പരിഷ്കാരങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
