രണ്ടു കള്ളന്‍മാര്‍; ഒറ്റ രാത്രിയില്‍ അ‍ഞ്ചുകടകളില്‍ മോഷണം; ജ്യൂസും കുടിച്ച് ക്ഷീണം മാറ്റി

കാസർകോട് വ്യാപാരസ്ഥാപനങ്ങളിൽ ഒറ്റ രാത്രിയില്‍ അഞ്ചു കടകളില്‍ മോഷണം. നഗരത്തിലെ കടകളില്‍ മോഷ്ടാക്കൾ പണം കവരുക മാത്രമല്ല, ജ്യൂസും കുടിച്ചാണ് കടന്നു കളഞ്ഞത്. രണ്ടംഗ മോഷണ സംഘത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ തിരയുകയാണ് പൊലീസ്.

ഒറ്റ രാത്രി.. രണ്ടു കള്ളന്മാര്‍. അ‍ഞ്ചുകടകള്‍.. അതില്‍ മെഡിക്കല്‍ ഷോപ്പും, സൂപ്പര്‍ മാര്‍ക്കറ്റും, ചെരിപ്പുകടയുമെല്ലാമുണ്ട്. കാസർകോട് പഴയ ബസ് സ്റ്റാൻഡിലെ അഞ്ച് കടകളിലാണ് സംഭവം. ആശ്വാസ് മെഡിക്കൽസില്‍ നിന്ന് മോഷ്ടിച്ചത് 2500 രൂപ. മടങ്ങുമ്പോള്‍ കൈയ്യില്‍ തടഞ്ഞ ഫോണും പോക്കറ്റിലിട്ടു. അടുത്ത കേന്ദ്രം എതിര്‍വശത്തെ മാംഗ്ലൂര്‍ മിനി മാര്‍ട്ട്. നുള്ളിപ്പെറുക്കി 5000 രൂപ ഒപ്പിച്ചു. മോഷ്ടിച്ച് ക്ഷീണിച്ചിട്ടാണോ എന്തോ, കടയില്‍ നിന്ന് രണ്ട് ജ്യൂസും എടുത്തു കുടിച്ചു

മൂന്നാമത്തെ കേന്ദ്രം ചെരിപ്പുകട. പ്രതീക്ഷിച്ച പോലെ പണം കിട്ടിയില്ല. കിട്ടിയത് എടുക്കാമെന്ന് വെച്ചു. അങ്ങനെ കൈയ്യിലെ സഞ്ചി അവിടെ ഉപേക്ഷിച്ചു. പകരം പുതിയ ബാഗെടുത്തു. പുതിയൊരു ചെരിപ്പും എടുത്തേക്കാമെന്നായി പിന്നെ.. അങ്ങനെ ഒരു ജോഡി ചെരിപ്പുമായി. നാലാമത് ട്രാഫിക് ജംഗ്ഷനിലെ സാല്‍ക്കോ ബസാര്‍ ടെക്സ്റ്റൈല്‍സ്. ആയിരം രൂപ ഒപ്പിച്ചു. അഞ്ചാമതെത്തിയ കടയില്‍ നിന്ന് ഒന്നും തടഞ്ഞില്ല. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. മുഖം മറക്കാതെ എത്തിയ കള്ളന്മാരെക്കുറിച്ച് വിവരം പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *