തിരുവനന്തപുരം: യുവതികളുടെ വെളിപ്പെടുത്തലുകളില്‍ പ്രതിരോധം ദുർബലമായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഞായറാഴ്ച എംഎല്‍എ പദം രാജിവെച്ചേക്കും. രാജി ഇന്ന് (ഓഗസ്റ്റ് 24) വൈകീട്ടോടെ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, ഉമ തോമസ് എം.എൽ.എ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ അടക്കം പാര്‍ട്ടി ഒറ്റക്കെട്ടായി രാഹുലിനെതിരേ നിലകൊണ്ടതോടെയാണ് രാജിക്ക് വഴിയൊരുങ്ങുന്നത്. പാര്‍ട്ടിയില്‍ ഇക്കാര്യത്തില്‍ ഏകാഭിപ്രായം രൂപപ്പെട്ടുകഴിഞ്ഞതായാണ് സൂചന. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തിക്കഴിഞ്ഞു.
ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ തുടങ്ങി പാര്‍ട്ടി വനിതാ പ്രമുഖരും ഇക്കാര്യത്തില്‍ ഉറച്ച നിലപാടെടുത്തതോടെ കോണ്‍ഗ്രസിന് രാഹുലി രാജി വാങ്ങിക്കുകയെല്ലാതെ നിവൃത്തിയില്ലെന്നായി. പാര്‍ട്ടിക്കകത്ത് ഷാഫി പറമ്പില്‍ മാത്രമാണ് രാഹുലിന് രാഷ്ട്രീയ സംരക്ഷണവുമായി രംഗത്തുള്ളത്. പരാതിയില്ല എന്ന സാങ്കേതികത്വത്തില്‍ കടിച്ചുതൂങ്ങേണ്ടതില്ലെന്നാണ് പാര്‍ട്ടി നിലപാട്. രാഹുലിനെതിരേ ഇനിയും ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാധ്യതയും മുന്നില്‍ക്കണ്ടാണ് രാജിക്കായി സമ്മര്‍ദമുയര്‍ത്തുന്നത്.
വെളിപ്പെടുത്തലുകളും ശബ്ദസന്ദേശങ്ങളും വലിയ കുരുക്കായതോടെ മൂന്നുദിവസമായി അടൂരിലെ നെല്ലിമൂടുള്ള വീട്ടില്‍ കഴിയുകയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. കഴിഞ്ഞ ദിവസം തന്റെ അഭിപ്രായങ്ങള്‍ തുറന്നുപറയാന്‍ രാഹുല്‍ മാധ്യമങ്ങളെ ഒരുമണിക്ക് വീട്ടിലേക്ക് ക്ഷണിച്ച് കസേര നിരത്തി കാത്തിരുന്നെങ്കിലും, പാര്‍ട്ടി നേതൃത്വം ഇടപെട്ട് വിലക്കി. എന്തോ തീരുമാനിച്ചുറപ്പിച്ചതുപോലെയാണ് എംഎല്‍എ വാര്‍ത്താസമ്മേളനം വിളിച്ചത്. രാജിവെക്കുമെന്നുവരെ അഭ്യൂഹവുമുണ്ടായി. എന്നാല്‍ രാജിയെപ്പറ്റി ആലോചിക്കുന്നുപോലുമില്ലെന്ന് പിന്നീട് രാഹുല്‍ അറിയിച്ചു.
രാഹുലിനെതിരേ വനിതാ കമ്മിഷന്‍ കേസെടുത്ത സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. നേരത്തേ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി രാജിവെയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് അറിയിച്ചിരുന്നു. എന്നാല്‍ രാഹുലിന് താങ്ങായി നില്‍ക്കാന്‍പോലും പറ്റാത്തവിധത്തില്‍ ആരോപണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. പാലക്കാട് ഡിസിസിയും രാഹുലിനെ തള്ളി രംഗത്തെത്തിയിരുന്നു.

