ബിജെപി നേതാവ് സി.കൃഷ്ണകുമാറിനെതിരേ പീഡന ആരോപണം; രാജീവ് ചന്ദ്രശേഖറിന് പരാതി നൽകി യുവതി

പാലക്കാട്: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാറിനെതിരേ പീഡന ആരോപണം. പീഡനത്തിന് ഇരയായെന്ന് കാണിച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് യുവതി പരാതി നല്‍കി. നേതാക്കളെ നേരിട്ട് കണ്ട് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്ന് പാലക്കാട് സ്വദേശിനിയായ യുവതി പറയുന്നു. അതേസമയം സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായുള്ള പരാതിയാണ് ഇതെന്ന് സി. കൃഷ്ണകുമാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസിലേക്ക് യുവതി പരാതി ഇ മെയിലായി അയക്കുന്നത്. കൃഷ്ണകുമാര്‍ പീഡിപ്പിച്ചുവെന്ന്‌ പരാതിയില്‍ പറയുന്നു. ബിജെപിയുടെ ഉന്നത നേതാക്കള്‍ മുമ്പാകെയും ആര്‍എസ്എസ് കാര്യാലയത്തിലെത്തിയും പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇത് ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖറിന് പരാതി അയച്ചതെന്നും യുവതി വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവിലാണെന്നും അദ്ദേഹം മടങ്ങിയെത്തിയ ശേഷം നടപടി സ്വീകരിക്കാമെന്ന് കാണിച്ച് അദ്ദേഹത്തിന്റെ ഓഫീസ് യുവതിക്ക് മറുപടിയും അയച്ചിട്ടുണ്ട്. അതേസമയം ഇത് തനിക്കെതിരേ കുറച്ചുനാള്‍ മുന്‍പ് വന്ന പരാതിയാണിതെന്നും അത് സ്വത്ത് തര്‍ക്കത്തിന്റെ ഭാഗമായി വന്നതാണെന്നും സി. കൃഷ്ണകുമാര്‍ പ്രതികരിച്ചു. ഈ വിഷയത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് കാണിച്ച് 2023-ല്‍ കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *