കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വിജിലിന്റേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി പിതാവ് വിജയൻ. മകൻ ലഹരി ഉപയോഗിക്കില്ലെന്നും പ്രതികൾ പൊലീസിനോട് പറഞ്ഞ കഥ വിശ്വസിക്കുന്നില്ലെന്നും വിജയൻ വ്യക്തമാക്കി. വിജിലിനെ കുഴിച്ചുമൂടിയ സരോവരത്തും ബൈക്ക് ഉപേക്ഷിച്ച കല്ലായി റെയിൽവേ സ്റ്റേഷനിലും പൊലീസ് തെളിവെടുപ്പ് നടത്തി.
ലഹരി ഉപയോഗവും, ഇതിനു ശേഷമുള്ള കുഴിച്ചു മൂടലുമൊന്നും വിജിലിന്റെ കുടുംബം വിശ്വസിക്കുന്നില്ല. ലഹരി ഉപയോഗിച്ച് ബോധം പോയ ഒരാളെ ഉപേക്ഷിക്കുകയും പിന്നീട് കുഴിച്ചു മൂടുകയും ചെയ്യുന്നതിലെ അസ്വാഭാവികയും കുടുംബം ചോദ്യം ചെയ്യുന്നു.
കേസിലെ മൂന്നു പ്രതികളുടെയും 100 ലധികം സുഹൃത്തുക്കളെ ചോദ്യം ചെയ്തതാണ് വിജിൽ തിരോധാന കേസിൽ പൊലീസ് തുമ്പുണ്ടാക്കിയത്.
വിജിലിനെ കാണാതായതിൽ പ്രതികൾക്ക് പങ്കുണ്ടെന്ന സൂചന പൊലീസിന് ഈ സുഹൃത്തുക്കളിൽ നിന്ന് ലഭിച്ചു. ഇതിന് പിന്നാലെ അറസ്റ്റിലായ ദീപഷിനെ ചോദ്യം ചെയ്തപ്പോഴാണ് കുഴിച്ചുമുടലിന്റെ ചുരുളഴിഞ്ഞത്.
ലഹരിമരുന്ന് ഉപയോഗിച്ച് വിജിൽ അവശനായപ്പോൾ സിപിആർ നൽകി രക്ഷിക്കാൻ ശ്രമിച്ചെന്നും പ്രതികൾ പൊലീസിന് മൊഴി നൽകി. കുഴിച്ചുമൂടി എട്ടാം മാസം വിജിലിന്റെ അസ്തി കടലിൽ എറിഞ്ഞതായും പ്രതികൾ സമ്മതിച്ചു.
പ്രതികളെ 3 ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയാണ് വിജിലിന്റെ ബൈക്ക് ഉപേക്ഷിച്ച കല്ലായി റയിൽവേ സ്റ്റേഷനിലെത്തി പൊലീസ് തെളിവെടുപ്പ് നടത്തിയത്. മൃതദേഹം കുഴിച്ചിട്ടുവെന്ന് പറയുന്ന സരോവരത്തിലെ ചതുപ്പ് പൊലീസ് നാളെ കുഴിച്ച് പരിശോധിക്കും

