‘രതീഷിനെ നഗ്നനാക്കി ഫോട്ടോ എടുത്തു, സ്കൂൾ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും അയച്ചു; ഹണിട്രാപ്പിൽ കുടുക്കി 2 ലക്ഷം ആവശ്യപ്പെട്ടു’ ; നിലമ്പൂർ പളളിക്കുളം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ കുടുംബം

മലപ്പുറം ∙ നിലമ്പൂർ പളളിക്കുളം സ്വദേശി രതീഷ് ജീവനൊടുക്കിയതിനു പിന്നിൽ അയൽവാസിയായ യുവതി ഉൾപ്പടെ നാലംഗ സംഘം ആണെന്ന ആരോപണവുമായി കുടുംബം. മകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹണിട്രാപ്പിൽ പെടുത്തിയെന്നും, ആ മനോവിഷമത്തിലാണ് രതീഷ് ജീവനൊടുക്കിയതെന്നുമാണ് രതീഷിന്റെ അമ്മ തങ്കമണിയും, സഹോദരൻ രാജേഷും പറയുന്നത്. ജൂൺ പതിനൊന്നിനാണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ രതീഷിനെ കണ്ടെത്തിയത്.

കടം വാങ്ങിയ പണം തിരിച്ചു കൊടുക്കാനെന്ന വ്യാജേന അയൽവാസിയായ യുവതി തന്ത്രപൂർവം രതീഷിനെ വീട്ടിനുള്ളിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. വീട്ടിൽ വച്ച് ബലം പ്രയോഗിച്ച് രതീഷിനെ യുവതിയും കൂട്ടാളികളും ചേർന്ന് നഗ്നനാക്കി. വിവസ്ത്രനായി നിൽക്കുന്ന രതീഷിനൊപ്പം യുവതി കൂടെ നിന്ന് ഫോട്ടോ എടുത്തു. 2 ലക്ഷം രൂപയാണ് ഫോട്ടോ പുറത്തു വിടാതിരിക്കാനായി സംഘം ആവശ്യപ്പെട്ടത്.

പണം കിട്ടില്ലെന്ന് ബോധ്യമായതോടെ ആ ഫോട്ടോ രതീഷിന്റെ സ്കൂള്‍ ഗ്രൂപ്പിലേക്കും ഭാര്യയ്ക്കും കൂട്ടുകാർക്കും അയച്ചുനൽകി. ഇതോടെ നാണക്കേട് താങ്ങാനാവാതെയാണ് മകൻ ജീവനൊടുക്കിയതെന്ന് രതീഷിന്റെ അമ്മ പറയുന്നു. രതീഷിന്റെ അമ്മയും ഭാര്യയും ഇതു സംബന്ധിച്ച പരാതി പൊലീസിനു നൽകി. വെളിപ്പെടുത്തലുകളുടെയും പരാതിയുടെയും അടിസ്ഥാനത്തിൽ എടക്കര പൊലീസ് അന്വേഷണം ഊർജിതമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *