കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ കീഴിലുള്ള ബോർഡർ സെക്യൂരിറ്റി ഫോഴ്സിലേക്ക് ഹെഡ്കോൺസ്റ്റബ്ൾ (റേഡിയോ ഓപറേറ്റർ/റേഡിയോ മെക്കാനിക്) തസ്തികയിൽ നിയമനത്തിന് ഓൺലൈനിൽ സെപ്റ്റംബർ 23 വരെ അപേക്ഷിക്കാം. പുരുഷന്മാർക്കും വനിതകൾക്കും അവസരമുണ്ട്. ശമ്പളനിരക്ക് 25,500 -81,100 രൂപ. ക്ഷാമബത്ത, റേഷൻ മണി, അലവൻസ്, സ്പെഷൽ കോമ്പൻസേറ്ററി അലവൻസ്, ഡ്രസ് അലവൻസ്, സൗജന്യ താമസസൗകര്യം, യാത്രാബത്ത, പെൻഷൻ മുതലായ ആനുകൂല്യങ്ങളും ലഭിക്കും.
ഒഴിവുകൾ: നേരിട്ടുള്ള നിയമനവും ബി.എസ്.എഫ് ജീവനക്കാർക്കുള്ള നിയമനവും അടക്കം ആകെ 1121 ഒഴിവുകളാണുള്ളത്. നേരിട്ടുള്ള നിയമനത്തിൽ വിമുക്തടന്മാർക്കും ആശ്രിതർക്കുമുള്ള ഒഴിവുകളും ഉൾപ്പെടും. സംവരണമുണ്ടാവും. വിശദ വിവരങ്ങളടങ്ങിയ വിജ്ഞാപനം https://reclt.bsf.gov.in, https://bsf.gov.in/recruitment എന്നീ സൈറ്റുകളിൽ.
യോഗ്യത: ഹെഡ് കോൺസ്റ്റബ്ൾ-റേഡിയോ ഓപറേറ്റർ തസ്തികക്കും റേഡിയോ മെക്കാനിക് തസ്തികക്കും ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾക്ക് മൊത്തം 60 ശതമാനം മാർക്കോടെ പ്ലസ് ടു/ഹയർസെക്കൻഡറി പരീക്ഷ പാസാകണം.
റെഗുലർ പഠനമായിരിക്കണം.. അല്ലെങ്കിൽ എസ്.എസ്.എൽ.സി/തത്തുല്യ പരീക്ഷ പാസായി റേഡിയോ ആൻഡ് ടെലിവിഷൻ/ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ്/അസിസ്റ്റന്റ് ഡേറ്റ പ്രിപ്പറേഷൻ ആൻഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ/ ഇലക്ട്രീഷ്യൻ/ ഫിറ്റർ/ ഐ.ടി ആൻഡ് ഇലക്ട്രോണിക്സ് സിസ്റ്റം മെയിന്റനൻസ്/ കമ്യൂണിക്കേഷൻ എക്വിപ്മെന്റ് മെയിന്റനൻസ്/ കമ്പ്യൂട്ടർ ഹാർഡ് വെയർ/ നെറ്റ്വർക്ക് ടെക്നീഷ്യൻ/ മെക്കാട്രോണിക്സ്/ ഡേറ്റ എൻട്രി ഓപറേറ്റർ ട്രേഡിൽ രണ്ടു വർഷത്തെ അംഗീകൃത ഐ.ടി.ഐ സർട്ടിഫിക്കറ്റ് നേടിയിരിക്കണം. പുരുഷന്മാർക്ക് ഉയരം 168 സെ.മീറ്ററും നെഞ്ചളവ് 80-85 സെ.മീറ്ററും ഉണ്ടാകണം. വനിതകൾക്ക് 157 സെ.മീറ്റർ ഉയരം മതിയാകും. മെഡിക്കൽ,ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
പ്രായപരിധി 18-25 വയസ്സ്
അപേക്ഷ/പരീക്ഷഫീസ്: ജനറൽ, ഒ.ബി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് ഓരോ തസ്തികക്ക് 100 രൂപ. വനിതകൾക്കും പട്ടികജാതി/വർഗ വിഭാഗത്തിനും വിമുക്തഭടന്മാർക്കും ബി.എസ്.എഫ് ജീവനക്കാർക്കും മറ്റും ഫീസില്ല. അപേക്ഷ സ്വീകരിക്കുന്നതുൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് ഏജൻസിയുടെ വിലാസം വിജ്ഞാപനത്തിലുണ്ട്. ദക്ഷിണേന്ത്യയിലെ റിക്രൂട്ട്മെന്റ് ഏജൻസിയുടെ മേൽവിലാസം: The Inspector General, CEDCO BSF Bangalore, AFS Yalahanka, Bangalore-560063.
സെലക്ഷൻ: മൂന്ന് ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്. ഒന്നാംഘട്ടം ശാരീരിക പരിശോധന, കായികക്ഷമത പരീക്ഷ. രണ്ടാംഘട്ടം കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ. മൂന്നാംഘട്ടം സർട്ടിഫിക്കറ്റ്/രേഖകളുടെ പരിശോധന, ഡിക്റ്റേഷൻ ആൻഡ് പാരഗ്രാഫ് റീഡിങ് ടെസ്റ്റ് (റേഡിയോ ഓപറേറ്റർ തസ്തികക്ക് മാത്രം), വൈദ്യപരിശോധന എന്നിങ്ങനെ തെരഞ്ഞെടുപ്പ് പ്രക്രിയ ക്രമീകരിച്ചിട്ടുണ്ട്.

