സൂപ്പര്‍താരം മമ്മൂട്ടിയുടെ എഴുപത്തിനാലാം പിറന്നാളാണിന്ന്. പ്രിയനടനെ സ്നേഹം കൊണ്ട് പൊതിയുകയാണ് ആരാധകരും സിനിമാലോകവും. എന്നാല്‍ തന്‍റെ പ്രിയ്യപ്പെട്ട പിതാവിന് ജന്മദിനാശംസ നേര്‍ന്നുകൊണ്ടുള്ള നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ പോസ്റ്റാണ് പങ്കുവച്ചത് മിനിറ്റുകള്‍ക്കകം തരംഗമാകുന്നത്. കാരണം ആ പോസ്റ്റിലൊരു സര്‍പ്രൈസ് ഉണ്ട്! ലോകയുടെ സസ്പെന്‍സ്!
ലോകയുടെ പോസ്റ്ററാണ് ദുല്‍ഖര്‍ പങ്കുവച്ചത്. ആ പോസ്റ്ററില്‍ എഴുതിയിരിക്കുന്നത് ഇത്രമാത്രം ‘ഹാപ്പി ബെര്‍ത്ത്ഡേ മൂത്തോന്‍!’. മലയാളത്തിന്‍റെ പ്രിയനടന്‍റെ ജന്മദിനം ഇന്ന്, ലോകയിലെ മൂത്തോന്‍റെ ജന്മദിനവും ഇന്ന്. അങ്ങിനെ ആ സര്‍പ്രൈസും പുറത്ത്! ലോകയുടെ മൂത്തോന്‍, മമ്മൂക്കാ തന്നെ! ഇതോടെ ദുല്‍ഖറിന്‍റെ പോസ്റ്റും ആഘോഷമാക്കുകയാണ് ആരാധകര്‍. എക്കാലവും ലോക ടീമിന്‍റെ സ്നേഹം അങ്ങോടു കൂടിയുണ്ട് എന്നും പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. മമ്മൂട്ടിക്കായി മറ്റ് ജന്മദിന പോസ്റ്ററുകളൊന്നും ദുല്‍ഖര്‍ പങ്കുവച്ചിട്ടില്ല എന്നതും മൂത്തോന്‍ മമ്മൂക്കയാണെന്ന് ഉറപ്പിക്കുകയാണ്.
നേരത്തെ നടിയും ‘അമ്മ’ പ്രസിഡന്‍റുമായ ശ്വേത മേനോനും മമ്മൂട്ടിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നിരുന്നു. ഈ പോസ്റ്റിലും ‘മൂത്തോന്‍’ എന്നാണ് ശ്വേത കുറിച്ചിരുന്നത്. ഇതോടെ മമ്മൂട്ടിയ്ക്കുള്ള ശ്വേതാ മേനോന്‍റെ ജന്മദിനാശംസകളിൽ ‘ലോക’ സ്പോയിലറാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നാലെയാണ് ദുല്‍ഖര്‍ സല്‍മാന്‍റെ പോസ്റ്റ് എത്തുന്നതും. ‘ഉറപ്പിച്ചു, അത് മമ്മൂക്ക തന്നെ’ എന്നാണ് ദുല്‍ഖറിന്‍റെ പോസ്റ്റിന് താഴെ വരുന്ന കമന്‍റുകള്‍. അതേസമയം, ചിലരെങ്കിലും മമ്മൂക്കയാണെന്ന് ശബ്ദം കേട്ട് ആദ്യമേ മനസിലാക്കിയിരുന്നു എന്നും കുറിക്കുന്നുണ്ട്.
പിറന്നാള്‍ ദിനത്തില്‍ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് സൂപ്പര്‍താരം മമ്മൂട്ടി നേരത്തേ എത്തിയിരുന്നു. കറുത്ത ലാന്‍ഡ് ക്രൂസറില്‍ ചാരി കടലിലേക്ക് നോക്കി നില്‍ക്കുന്ന ചിത്രം പങ്കിട്ടാണ് താരം സ്നേഹത്തിന് നന്ദി പറഞ്ഞത്. ‘എല്ലാവര്‍ക്കും നിറയെ സ്നേഹവും നന്ദിയും, പിന്നെ സര്‍വശക്തനും’ എന്നാണ് കുറിപ്പ്. നിരവധിപ്പേരാണ് ചിത്രത്തിന് ചുവടെ കമന്‍റില്‍ സ്നേഹം അറിയിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഇച്ചാക്കയുടെ പ്രിയപ്പെട്ട ലാലും സുരേഷ് ഗോപിയും ജോണ്‍ ബ്രിട്ടാസും ആരാധകലക്ഷങ്ങളും പ്രിയനടന് ആശംസകള്‍ നേര്‍ന്നു. ‘ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഇച്ചാക്ക’ എന്നായിരുന്നു മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്. മമ്മൂട്ടിയുടെ ചാരേ ചേര്‍ന്നിരിക്കുന്ന ചിത്രം ഹൃദയ ചിഹ്നമിട്ടാണ് താരം പങ്കുവച്ചത്. വൈവിധ്യമാര്‍ന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാന്‍ കഴിയട്ടെയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശംസ.

