ശക്തമായ യുവജനപ്രക്ഷോഭത്തില്‍ അടിപതറി നേപ്പാള്‍;പ്രധാനമന്ത്രിയും മന്ത്രിമാരും രാജി വച്ചു, പ്രക്ഷോഭകര്‍ പാര്‍ലമെന്റ് മന്ദിരത്തിന് തീയിട്ടു

ശക്തമായ യുവജനപ്രക്ഷോഭത്തില്‍ അടിപതറി നേപ്പാള്‍. പ്രധാനമന്ത്രി  കെ.പി.ശര്‍മ ഒലി രാജിവച്ചു. പാര്‍ലമെന്‍റും മന്ത്രിമന്ദിരങ്ങളും കയ്യേറിയ ജെന്‍ സി പ്രക്ഷോഭകര്‍ നിരവധി സര്‍ക്കാര്‍ ഓഫിസുകളും അഗ്നിക്കിരയാക്കി. രാജ്യത്തിന്‍റെ നിയന്ത്രണം കരസേന ഏറ്റെടുത്തു. കെ.പി.ശര്‍മ ഒലി സര്‍ക്കാരിന്‍റെ അഴിമതിക്ക് എതിരെയായിരുന്നു പ്രക്ഷോഭം.

പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം ആരംഭിച്ച് ഒന്നര ദിവസത്തിനുള്ളില്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി രാജിക്ക് നിര്‍ബന്ധിതനായത്. മന്ത്രി സഭയില്‍ പിന്തുണ നഷ്ടപ്പെടുകയും കരസേന നിലപാട് കടുപ്പിക്കുകയും ചെയ്തതോടെ ഉച്ചയ്ക്ക് രാഷ്ട്രപതി രാംചന്ദ്ര പൗഡേലിന് രാജിക്കത്ത് കൈമാറി. സമീപരാജ്യങ്ങളില്‍ ഒന്നിലേക്ക് കെ.പി.ശര്‍മ ഒലി പലായനം ചെയ്യുമെന്നാണ് വിവരം. പിന്നാലെ കാഠ്മണ്ഡുവില്‍ ആഹ്ലാദപ്രകടനം നടത്തിയ പ്രക്ഷോഭകര്‍ പാര്‍ലമെന്‍റ് മന്ദിരം കയ്യേറി തീയിട്ടു.

സമൂഹമാധ്യമ വിലക്കിനെതിരെയാണ് ഇന്നലെ പ്രക്ഷോഭം തുടങ്ങിയതെങ്കിലും ഏറെക്കാലമായി നിലനിന്നിരുന്ന അഴിമതി ഭരണത്തിനെതിരായ വികാരമായി അത് ആളിക്കത്തുകയായിരുന്നു. സമൂഹമാധ്യമ വിലക്ക് പിന്‍വലിച്ചെങ്കിലും പൊലീസ് വെടിവയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടതിന് മറുപടി പറയണമെന്നും സര്‍ക്കാര്‍ പ്രധാനമന്ത്രി രാജിവയ്ക്കണം എന്നും ആവശ്യപ്പെട്ട് ഇന്നുരാവിലെ കൂടുതല്‍ കരുത്തോടെ യുവാക്കള്‍ തെരുവിലിറങ്ങി.

രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും സ്വകാര്യ വസതികളും മന്ത്രിമന്ദിരങ്ങളും സര്‍ക്കാര്‍ ഓഫിസുകളും കൂട്ടത്തോടെ ആക്രമിച്ചു. മുന്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയ്ക്കും ഭാര്യയും ഇപ്പോഴത്തെ വിദേശകാര്യ മന്ത്രിമായുമായ ആര്‍സൂ ദുബെയ്ക്കും മര്‍ദനമേറ്റു.

സൈനിക ഹെലിക്പോറ്ററിലാണ് മന്ത്രിമാരെയെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയത്. നാലുമന്ത്രിമാര്‍ രാജിക്കത്തുനല്‍കി പ്രതിഷേധക്കാര്‍ക്ക് പിന്തുണയറിയിച്ചു. കാര്യങ്ങള്‍ നിയന്ത്രണാതീതമായതോടെ സൈന്യം പ്രധാനമന്ത്രിയോട് രാജി ആവശ്യപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *