‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’; കൈ ഞരമ്പ് മുറിച്ച് എൻ.എം.വിജയന്റെ മരുമകൾ; ആത്മഹത്യാ ശ്രമം കോണ്‍ഗ്രസ് വാക്ക് പാലിച്ചില്ലെന്ന ആരോപണത്തിന് പിന്നാലെ

വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം.വിജയന്‍റെ മരുമകൾ പത്മജ കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്മജയുടെ മുറിവ് ഗുരുതരമല്ലെന്നു പൊലീസ് പറഞ്ഞു. എൻ.എം.വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്ന് പത്മജ ഇന്നലെ പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനമാണ് പത്മജ ഉന്നയിച്ചത്.

രണ്ടരക്കോടി രൂപയുടെ ബാധ്യതയാണ് ഉള്ളതെന്നും ഇതു വീട്ടാമെന്നു പറഞ്ഞ് കോൺഗ്രസ് നേതൃത്വം വീണ്ടും വഞ്ചിക്കുകയായിരുന്നുവെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്നും പത്മജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ‘‘പണം നൽകാമെന്ന കരാറിൽ ടി.സിദ്ദീഖ് എംഎൽഎ ആണ് ഒപ്പിട്ടത്. കരാർ വാങ്ങാൻ വക്കീലിന്‍റെ അടുത്തു പോയപ്പോൾ സിദ്ദീഖ് ദേഷ്യപ്പെട്ടു. ഭർത്താവ് ആശുപത്രിയിലായിരുന്നപ്പോൾ പോലും ബിൽ അടയ്ക്കാൻ പണം ഉണ്ടായിരുന്നില്ല. സത്യസന്ധമായി പ്രവർത്തിക്കുന്നവരെ കോൺഗ്രസ് കൊന്നൊടുക്കുന്നു. കള്ളന്മാർ വെള്ളയും വെള്ളയും ഇട്ടു നടക്കുന്നു. പാർട്ടിയെ വിശ്വസിക്കുന്നവർ മരിക്കുന്നു. കോൺഗ്രസിന്റെ ഔദാര്യം ഇനി ആവശ്യമില്ല’’ എന്നായിരുന്നു പത്മജ പറഞ്ഞത്. ഇതിനുപിന്നാലെയാണ് ആത്മഹത്യാ ശ്രമം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Leave a Reply

Your email address will not be published. Required fields are marked *