അഞ്ചു വയസുകാരിയെ കൊന്ന് മൃതദേഹം ഫ്രിജില്‍ സൂക്ഷിച്ച് പിതാവ്; പിന്നാലെ ജീവനൊടുക്കി; ദാരുണം

അഞ്ചു വയസുകാരിയെ കൊന്ന് ജീവനൊടുക്കി പിതാവ്. മകളെ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം ഫ്രിജില്‍ സൂക്ഷിക്കുകയായിരുന്നു. കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായ കിഷോര്‍ ധനകാണ് (40) മകള്‍ അഞ്ചു വയസുകാരിയായ ഹിമാന്‍ഷിയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഗുജറാത്തിലെ അമ്രേലി ജില്ലയിലാണ് ദാരുണമായ സംഭവമുണ്ടായത്. സാമ്പത്തിക പ്രതിസന്ധിയാണ് മരണകാരണമെന്നാണ് ആത്മഹത്യ കുറിപ്പിലെ സൂചന.

സ്വന്തം വീട്ടിലായിരുന്ന ഭാര്യ മഞ്ജുബെൻ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് ബുധനാഴ്ച വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. കിഷോര്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. ആത്മഹത്യ കുറിപ്പില്‍ നിന്നാണ് മകളുടെ മൃതദേഹം ഫ്രിജിനുള്ളിലാണെന്ന വിവരം ലഭിക്കുന്നത്. ‌ബലൂണും മെഴുകുതിരികളും അടക്കം അലങ്കരിച്ച മുറിയിലാണ് കൊലപാതകം നടന്നത്. മൂന്നു ആത്മഹത്യ കുറിപ്പുകളാണ് മുറിയില്‍ നിന്നും കണ്ടെത്തിയത്.

വ്യക്തിഗത വായ്പയെടുത്ത് കണ്‍സ്ട്രക്ഷന്‍ ജോലിക്കായി പണം ചെലവഴിച്ചെന്നാണ് ആദ്യ കുറിപ്പിലുണ്ട്. 7.25 ലക്ഷം രൂപ ലഭിക്കേണ്ടതായിരുന്നു, എന്നാല്‍ ബിസിനസ് സുഹൃത്തുക്കൾ ഒന്നും നൽകിയില്ല. കൈവശം പണമില്ലെന്നും പരിഹാരം കണ്ടെത്താൻ കഴിയാത്തതിനാല്‍ മകളുമായി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നും ആത്മഹത്യ കുറിപ്പിലുണ്ട്.

കൺസ്ട്രക്ഷൻ സൈറ്റ് സൂപ്പർവൈസറായ കിഷോറും മകൾ ഹിമാൻഷിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മകളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്രിജില്‍ സൂക്ഷിക്കുകയായിരുന്നു. തന്‍റെ മരണശേഷം മകള്‍ ദുരിതത്തിലാകരുതെന്ന് കരുതിയാണ് മകളെ കൊലപ്പെടുത്തിയതെന്ന് രണ്ടാമത്തെ ആത്മഹത്യ കുറിപ്പിലുള്ളത്. മൂന്നാമത്തെ കുറിപ്പിലാണ് മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച കാര്യം പറയുന്നത്.

കൊലപാതകം നടന്ന മുറി ബലൂണുകളും മെഴുകുതിരികളും കൊണ്ട് അലങ്കരിച്ചിരുന്നു. മകളെ വെളുത്ത വസ്ത്രം ധരിപ്പിച്ച് തലയിൽ ഒരു ദുപ്പട്ട ധരിപ്പിച്ചാണ് മൃതദേഹം ഫ്രിജിലേക്ക് മാറ്റിയത്. ഫ്രിജില്‍ തലയണകൾക്കിടയിലായിരുന്നു മൃതദേഹം. കുട്ടിയുടെ ചുണ്ടിൽ തുളസി ഇലകളുണ്ടായിരുന്നു. മകളുടെ അവസാന പിറന്നാൾ ആഘോഷം പോലെ തോന്നിക്കുന്നൊരു പരിപാടി ഒരുക്കിയിരുന്നതായി സൂചനയുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *