തിരുവനന്തപുരം: ഒന്നിച്ച് നിന്നാല്‍ ഏത് കൊടിയ ദുരന്തവും നേരിടാന്‍ കഴിയുമെന്ന സന്ദേശമാണ് കേരളം നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സ്വാതന്ത്ര്യദിന പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

വലിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് ഇത്തവണ സ്വാതന്ത്ര്യദിനം എത്തിയിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വലിയ ദുരന്തമുണ്ടായിട്ടില്ല. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ജനങ്ങളാകെയും ഒന്നിച്ചു നിന്നാണ് ഈ ദുരന്തത്തെ അതിജീവിക്കുന്നത്. നാം ഒന്നിച്ചു നിന്നാല്‍ ഏതു കൊടിയ ദുരന്തവും നേരിടാന്‍ കഴിയും എന്ന സന്ദേശമാണ് പ്രളയകാലത്തെ ജനങ്ങളുടെ കൂട്ടായ്മ നല്‍കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമതികള്‍ കാര്യമായ തോതില്‍ സഹായമെത്തിക്കുന്ന ഘട്ടമാണിത്. ഏതു തുകയും ചെറുതല്ല, വലുതുമല്ല. ഈ ബോധത്തോടെ എല്ലാവരും ആത്മാര്‍ത്ഥമായി ഈ രംഗത്ത് സഹായിക്കുകയും സഹകരിക്കുകയും ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. ഈ വിധത്തിലുളള ജീവകാരുണ്യ നടപടികളിലൂടെയാവട്ടെ ഇക്കൊല്ലത്തെ നമ്മുടെ സ്വാതന്ത്ര്യദിനാഘോഷമെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യസമര കാലഘട്ടത്തില്‍ നമ്മുടെ നേതാക്കള്‍ വിഭാവനം ചെയ്ത ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ കഴിഞ്ഞുവോ എന്ന പരിശോധന നടത്തണം. ജനാധിപത്യവും മതനിരപേക്ഷതയുമാണ് നമ്മുടെ രാഷ്ട്രത്തിന്റെ ശക്തിസ്രോതസ്സ്. മതനിരപേക്ഷത നിലനിന്നാലേ സ്വാതന്ത്ര്യവും ജനാധിപത്യവും നിലനില്‍ക്കൂ എന്ന ചിന്ത ജനങ്ങളിലാകെ ഉണര്‍ത്താന്‍ സ്വാതന്ത്ര്യദിനാഘോഷം സഹായിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *