ഭൂട്ടാൻ കാർ കള്ളക്കടത്ത്; അന്വേഷണത്തിന് കൂടുതല്‍ കേന്ദ്ര ഏജന്‍സികള്‍, കള്ളപ്പണ ഇടപാട് ഇ‍ഡി അന്വേഷിക്കും

കൊച്ചിആഡംബര കാറുകൾ നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ഇന്ത്യയിൽ എത്തിച്ചുള്ള തട്ടിപ്പിൽ മറ്റ് കേന്ദ്ര ഏജൻസികളും അന്വേഷിക്കും. തട്ടിപ്പിൽ വ്യാപക കള്ളപണ ഇടപാട് നടന്നതായി കസ്റ്റംസ് കണ്ടെത്തി. ഇക്കാര്യം എൻഫോസ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. ജി എസ് ടി വെട്ടിപ്പ് കേന്ദ്ര ജി എസ് ടി വിഭാഗം അന്വേഷിക്കും.

എംബസികളുടെ പേരിൽ വ്യാജ രേഖകൾ ചമച്ചത് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിക്കുമെന്നും കസ്റ്റംസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. വ്യാജ രേഖകൾ ഉണ്ടാക്കിയത് സംസ്ഥാന പൊലീസിന് അന്വേഷിക്കാം. വാഹനങ്ങളുടെ രജിസ്ട്രേഷൻ അടക്കമുള്ളവ റദ്ദാക്കാൻ അതാത് സംസ്ഥാനങ്ങളോട് ആവശ്യപ്പെടും. ഭൂട്ടാൻ വഴിയുള്ള കള്ളക്കടത്തിലെ സാമ്പത്തിക ഇടപാടുകളും രേഖകളും മിക്കതും നിയമവിരുദ്ധമാണ് എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ്. രേഖകളും വിവരങ്ങളും കസ്റ്റംസ് പ്രിവന്റ് ചെയ്ത് തന്നെ വിവിധ ഏജൻസികൾക്ക് കൈമാറും.

നികുതി വെട്ടിച്ച് ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ ഇരുനൂറോളം ആഡംബര കാറുകൾക്കായി ഇന്നലെ വ്യാപക റെയ്ഡാണ് കസ്റ്റംസ് പ്രവന്‍റീവ് വിഭാഗം നടത്തിയത്. ചലച്ചിത്ര താരങ്ങളായ ദുൽഖർ സ‌ൽമാൻ, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ തുടങ്ങിയവരുടെ വീടുകളിൽ ഉൾപ്പെടെ മുപ്പതോളം കേന്ദ്രങ്ങളിലാണ് കേരളത്തില്‍ പരിശോധന നടന്നത്. ഇന്ത്യൻ സൈന്യത്തിന്‍റെയും വിവിധ എംബസികളുടെയും വിദേശ കാര്യമന്ത്രാലയത്തിന്‍റെയുമൊക്കെ പേരിൽ വ്യാജരേഖകളുണ്ടാക്കിയാണ് സിനിമാ താരങ്ങൾക്കും വ്യവസായികൾക്കുമടക്കം ഇടനിലക്കാർ ആ‍ഡംബര കാറുകൾ വിറ്റത്. പിഴ അടച്ചാൽ കേസ് തീർക്കാൻ സാധിക്കില്ലെന്ന് കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചു.

നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതിൽ ഊർജിത അന്വേഷണം തുടങ്ങി കസ്റ്റംസ് പ്രിവന്റിവ്. നടന്‍ ദുൽഖർ സൽമാൻ ഉൾപ്പടെ വാഹന ഉടമകൾക്ക് ഉടൻ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകും. വീട്ടിൽ നിന്ന് രണ്ട് വാഹനങ്ങൾ പിടിച്ചെടുത്തതിൽ നടനും വാഹന ഡീലറുമായ അമിത് ചക്കാലക്കലിനെ ഇന്നലെ അർദ്ധ രാത്രി മുഴുവൻ കസ്റ്റംസ് ചോദ്യം ചെയ്തു. അമിത്തിന്റെ കൂടുതൽ കാറുകൾ പിടിച്ചെടുക്കാൻ സാധ്യതയുണ്ട്. വിദേശത്ത് നിന്ന് ആഡംബര വാഹനങ്ങൾ ഇറക്കുമതി ചെയ്തതിൽ കള്ളപ്പണം വെളുപ്പിക്കലിന്റെ സംശയങ്ങളുമുണ്ടെന്ന് കസ്റ്റംസ് കമ്മീഷണർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആ സാഹചര്യത്തിൽ ഇഡി കൂടി കേസെടുക്കാൻ സാധ്യതയുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *