ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാക ഉയർത്തുന്നത് തടയാൻ, ഖാലിസ്ഥാൻ ഭീകരൻ വാഗ്ദാനം ചെയ്തത് 11 കോടി രൂപയാണ്. യുഎസ് ആസ്ഥാനമായുള്ള ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനാണ് ഇത് തടയുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ഇയാൾക്കും ‘സിഖ്സ് ഫോർ ജസ്റ്റിസ്'(SFJ) സംഘടനയ്ക്കുമെതിരെ എൻഐഎ കേസ് ഫയൽ ചെയ്തു.
ഇന്ത്യയുടെ പരമാധികാരത്തെ പന്നൂൻ പരസ്യമായി വെല്ലുവിളിക്കുന്ന വീഡിയോ എൻഐഎയ്ക്ക് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഫയൽ ചെയ്തത്. ഓഗസ്റ്റ് 10ന് പാകിസ്ഥാനിലെ ലാഹോർ പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദി പ്രസ്സ് പരിപാടിയിലാണ് പ്രഖ്യാപനം നടത്തിയത്. യുഎസിൽ നിന്ന് വീഡിയോ കോൺഫറൻസ് വഴിയാണ് ഇയാൾ പരിപാടിയിൽ പങ്കെടുത്തത്. വീഡിയോയിലൂടെ ഇന്ത്യക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. പഞ്ചാബ്, ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവ ഉൾപ്പെടുന്ന ഖാലിസ്ഥാന്റെ ഭൂപടവും പുറത്തിറക്കി.
ഇന്ത്യയുടെ സുരക്ഷയെ വെല്ലുവിളിക്കുകയായിരുന്നു പന്നൂൻ. സിഖുകാർക്കിടയിൽ ഇന്ത്യയ്‌ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന പ്രവർത്തനങ്ങളും നടത്തിയെന്നും എഫ്ഐആറിൽ പറയുന്നു. കൂടാതെ എസ്‌എഫ്‌ജെ, രക്തസാക്ഷി സംഘത്തെ രൂപീകരിച്ചതായും അവകാശപ്പെട്ടു. വളരെ ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കിയാണ് സർക്കാർ എൻഐഎയ്ക്ക് കേസ് കൈമാറിയത്.

