വന്‍കരയുടെ രാജാക്കന്മാരാകാന്‍ ഇന്ത്യയും പകരംവീട്ടാന്‍ പാക്കിസ്ഥാനും ഇന്ന് ഏഷ്യ കപ്പ് ഫൈനലില്‍ നേര്‍ക്കുനേര്‍. എതിരാളികളെയെല്ലാം തകര്‍ത്താണ് ഇന്ത്യയുടെ ഫൈനലിലേക്കുള്ള വരവെങ്കില്‍ പാക്കിസ്ഥാന്‍ തോറ്റത് രണ്ടുവട്ടം. രണ്ടുതോല്‍വിയും ഇന്ത്യയ്ക്കെതിരെ. രാത്രി എട്ടുമണിക്കാണ് ഫൈനല്‍. തുടര്‍ച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാന്‍ ത്രില്ലര്‍ വരുന്നത്.
41 വര്‍ഷത്തെ ഏഷ്യ കപ്പ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാന്‍ തോറ്റിരുന്നു. സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അവസാനം ഫൈനല്‍ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതല്‍ തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ ഫൈനല്‍ വരവ്. സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ ശ്രീലങ്കയെ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
പവര്‍പ്ലേയില്‍ തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മ. കറക്കിവീഴ്ത്തി കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഈ സമവാക്യത്തിന് പാക്കിസ്ഥാന് മറുപടിയില്ല. 309 റണ്‍സുമായി ടൂര്‍ണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നല്‍കുന്ന തുടക്കത്തില്‍ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടര്‍ച്ചയായ മൂന്ന് മല്‍സരങ്ങളില്‍ അര്‍ധ സെഞ്ചറി നേടിയ അഭിഷേകിന്‍റെ സ്ട്രൈക്ക് റേറ്റ് 204.63 ആണ്. ശരാശരി 51.50. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പവര്‍പ്ലേയില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ നിരാശപ്പെടുത്തിയെങ്കിലും സ്പിന്നര്‍മാര്‍ കൈവിട്ടില്ല. 13 വിക്കറ്റുമായി മുന്നിലുള്ള കുല്‍ദീപിനെയും, അക്സറിനെയും വരുണ്‍ ചക്രവര്‍ത്തിയെയും നേരിടാന്‍ പാക്കിസ്ഥാന്‍ പാടുപെടും.
സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ 91/1 എന്ന നിലയില്‍ മുന്നേറിയ പാക്കിസ്ഥാനെ പിടിച്ചുകെട്ടിയത് ഇന്ത്യന്‍ സ്പിന്നര്‍മാരാണ്. കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, അക്സർ പട്ടേൽ, ശിവം ദുബൈ എന്നിവരുടെ ബൗളിങ് മികവില്‍ അവസാന 10 ഓവറിൽ പാക്കിസ്ഥാനെ 80 റൺസില്‍ ഒതുക്കാനായി. ബാറ്റിങില്‍ ഇന്ത്യന്‍ മധ്യനിര പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ബാറ്റിങ് ക്രമത്തില്‍ തുടര്‍ച്ചയായ മാറ്റങ്ങളാണ് ഇതിന് കാരണം. എന്നാല്‍ ശ്രീലങ്കയ്ക്കെതിരെ മധ്യനിരയില്‍ സഞ്ജുവും തിലക് വര്‍മയും ചേര്‍ന്ന് 42 പന്തിൽ 66 റൺസിന്റെ കൂട്ടുകെട്ട് ഉണ്ടാക്കിയിരുന്നു. ഇത് ടീമിന് ആശ്വാസമാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങാണ് മറ്റൊരു പ്രശ്നം. അഞ്ച് ഇന്നിങ്സില്‍ നിന്നായി 71 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്.

