വിജയ് നേതൃത്വം നല്‍കുന്ന തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് ആറ് കുട്ടികളടക്കം മുപ്പതിലധികം പേരുടെ മരണം സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് ആശുപത്രികളിൽനിന്നുള്ള വിവരം.12 പേരുടെ നില അതീവഗുരുതരമാണെന്നാണ് അറിയുന്നത്. കരൂരില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് ദുരന്തമുണ്ടായത്.
അപകടം ഉണ്ടായതിനു പിന്നാലെ തന്റെ പ്രസംഗം പൂർത്തിയാക്കാതെ വിജയ് സംഭവസ്ഥലത്ത് നിന്നും മടങ്ങി. പ്രദേശത്തേക്ക് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ ആംബുലൻസുകൾ എത്തുകയാണ്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. തമിഴ്നാട്ടിലെ ആരോഗ്യ – വിദ്യാഭ്യാസ മന്ത്രിമാർ ഉടൻ കരൂരിലേക്ക് തിരിക്കും. ഇതു സംബന്ധിച്ച നിർദേശം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ മന്ത്രിമാർക്കു നൽകി.
സംസ്ഥാനവ്യാപകമായി വിജയ് നടത്തുന്ന പ്രചരണപരിപാടിയുടെ ഭാഗമായാണ് ശനിയാഴ്ച റാലി സംഘടിപ്പിച്ചത്. റാലിക്കായി വിവിധയിടങ്ങളില്‍നിന്ന് ജനങ്ങള്‍ ഒഴുകിയെത്തുകയായിരുന്നു. തിക്കും തിരക്കുമേറിയതോടെയാണ് ദുരന്തമുണ്ടായത്. കുഴഞ്ഞുവീണവരെ കരൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

