തിരുവനന്തപുരം: തലസ്ഥാനത്തെ ഞെട്ടിച്ച് വീണ്ടും ക്രൂരമായ കൊലപാതകം. തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. വൃക്കരോഗിയായ കരകുളം സ്വദേശി ജയന്തിയെയാണ് ഭർത്താവ് ഭാസുരൻ കൊലപ്പെടുത്തിയത്. തുടർന്ന് ഇയാൾ ആത്മഹത്യ ചെയ്യാനും ശ്രമിച്ചു. അർധരാത്രിയോടെയായിരുന്നു സംഭവം.
ഒക്ടോബർ 1നാണ് വൃക്കരോഗിയായ ജയന്തിയെ പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ഡയാലിസിസ് അടക്കമുള്ള ചികിത്സ നടക്കുന്നതിനിടെയാണ് കൊലപാതകം. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, ഭാസുരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഭാസുരനെ എസ്‌യുടി ആശുപത്രിയിൽ തന്നെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സാമ്പത്തിക ബാധ്യതയാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.

