തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ നിയമസഭ ഇന്നും പ്രക്ഷുബ്ധം . ദേവസ്വം മന്ത്രി വി എൻ വാസവന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിപക്ഷ പ്രതിഷേധത്തെത്തുടർന്ന് നിയമസഭ നാലാം ദിവസവും തടസ്സപ്പെട്ടു. തുടർന്ന് സഭ നിർത്തിവെച്ചു.
സഭാംഗങ്ങള്‍ക്ക് സ്പീക്കറെ കാണാന്‍ കഴിയാത്ത വിധം ബാനര്‍ കൊണ്ട് മറച്ചായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ബാനര്‍ നീക്കാന്‍ സ്പീക്കര്‍ പലതവണ ആവശ്യപ്പെട്ടു. എന്നാൽ പ്രതിപക്ഷം കൂട്ടാക്കിയില്ല. പ്രതിപക്ഷ നേതാവിന് പ്രതിഷേധമുണ്ടെങ്കിൽ രേഖപ്പെടുത്താം. എന്നാൽ ഇതിന്റെ പേരിൽ പ്രസംഗം നടത്താൻ അനുവദിക്കാനാകില്ലെന്ന് സ്പീക്കർ അറിയിച്ചു. മന്ത്രിമാർ വായിൽ തോന്നിയതെല്ലാം പറഞ്ഞപ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല എന്നതാണ് സ്പീക്കറുടെ ആറ്റിറ്റ്യൂഡെന്ന് വിഡി സതീശൻ പറഞ്ഞു. സ്പീക്കർ നിഷ്പക്ഷനായിട്ടല്ല സംസാരിക്കുന്നത്. ശബരിമലയിലെ ദ്വാരപാലക വിഗ്രഹം വലിയ വിലയ്ക്ക് വിറ്റിരിക്കുകയാണ്. അതിനു കൂട്ടുനിന്ന ആളുകൾക്കെതിരായി നടപടിയെടുക്കണം. ദേവസ്വം മന്ത്രി രാജിവെക്കുകയും, ദേവസ്വം ബോർഡിനെ പുറത്താക്കുകയും വേണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.
എന്തു തോന്നിവാസമാണ് പ്രതിപക്ഷം കാണിക്കുന്നതെന്ന് പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച് മന്ത്രി എംബി രാജേഷ് ചോദിച്ചു. ജനാധിപത്യത്തെക്കുറിച്ച് പറയാൻ ലജ്ജ തോന്നുന്നില്ലേ ഇവർക്ക്. എന്ത് അക്രമമാണ് കാണിക്കുന്നത്. ഗുണ്ടായിസത്തിന് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുകയാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. മുഖ്യമന്ത്രി നടത്തിയ ബോഡി ഷെയ്മിങ്ങിനെയും മന്ത്രി രാജേഷ് ന്യായീകരിച്ചു. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയെപ്പറ്റി പറഞ്ഞത് വസ്തുതാവിരുദ്ധമാണ്. മുഖ്യമന്ത്രി ഒരു അംഗത്തിന്റെയും പേരു പറഞ്ഞിട്ടില്ലെന്നും മന്ത്രി രാജേഷ് പറഞ്ഞു.

