ഗുരുവായൂരിൽ വീട്ടമ്മയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. ആക്രമണത്തിൽ 52 വയസ്സുള്ള കുന്നത്ത് വഹീദയുടെ ചെവിയുടെ ഒരു ഭാഗം നായ കടിച്ചെടുത്തു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ഗുരുവായൂർ തൈക്കാട് പള്ളി റോഡിലെ വീട്ടുമുറ്റത്ത് പുല്ലു പറിക്കുന്നതിനിടെയാണ് വഹീദയ്ക്ക് നേരെ പിന്നിൽ നിന്ന് നായയുടെ ആക്രമണം ഉണ്ടായത്.
നിലവിളികേട്ട് ഓടിയെത്തിയ മക്കളാണ് വഹീദയെ ഉടൻ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം നിലവിൽ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
വഹീദയെ കൂടാതെ ഇന്ന് വൈകിട്ട് അഞ്ചിനും അഞ്ചേകാലിനും ഇടയിൽ മൂന്നുപേർക്ക് കൂടി ഈ മേഖലയിൽ തെരുവുനായയുടെ കടിയേറ്റിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഈ മേഖലയിൽ മൂന്ന് തെരുവ് നായ്ക്കൾ പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചത്തിരുന്നതായി നാട്ടുകാർ പറയുന്നു. ഈ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ ദിവസവും സൈക്കിളിൽ പോവുകയായിരുന്ന തമിഴ്നാട് സ്വദേശിക്കും നായയുടെ കടിയേറ്റിരുന്നു.

