ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ല; ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും;  ഹിജാബ് വിവാദത്തില്‍ ശക്തമായ പ്രതികരണവുമായി സിബിസിഐ

കൊച്ചി: എറണാകുളം സെന്റ് റീത്താസ് സ്‌കൂളില്‍ ഹിജാബ് ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതില്‍ പ്രതികരണവുമായി കാത്തലിക്ക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ( സി ബി സി ഐ). ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യംവെച്ചുള്ള മത തീവ്രവാദ അജണ്ടകള്‍ അനുവദിച്ചു കൊടുക്കാനാവില്ലെന്ന് സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍.

യൂണിഫോമിന്റെ പേരില്‍ സംഘടിത തീവ്രവാദത്തിലൂടെ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ അടച്ചിടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ജനാധിപത്യ മതേതരത്വ ഭരണ സംവിധാനത്തെ അവഹേളിക്കുന്നതും ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശങ്ങളെ വെല്ലുവിളിക്കുന്നതുമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ യൂണിഫോം ഏതായിരിക്കണമെന്ന് നിശ്ചയിക്കുന്നതിന് മാനേജ്മെന്റിന് പൂര്‍ണഅധികാരമുണ്ടെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ് മുഹമ്മദ് മുസ്താഖ് 2018 ല്‍ വിധി പ്രസ്താവിച്ചിട്ടുണ്ട്. കര്‍ണാടക ഹൈക്കോടതിയും 2022 ല്‍ സമാനമായ വിധി നടത്തി. മാനേജ്മെന്റ് നിശ്ചയിക്കുന്ന യൂണിഫോം ധരിക്കുവാന്‍ തയ്യാറല്ലാത്തവര്‍ക്ക് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്ഥാപനങ്ങളിലേക്ക് മാറാവുന്നതാണെന്നും കോടതി വ്യക്തമാക്കുമ്പോള്‍ നിയമ നീതി സംവിധാനങ്ങളെപ്പോലും നിഷ്പ്രഭമാക്കി വെല്ലുവിളിക്കാന്‍ ചില മത തീവ്രവാദ സംഘങ്ങള്‍ ആസൂത്രിതമായി ശ്രമിക്കുന്നത് എന്തു വിലകൊടുത്തും എതിര്‍ക്കുവാന്‍ രാഷ്ട്രീയ മത സാമുദായിക നേതൃത്വങ്ങള്‍ മുന്നോട്ടുവരണം. കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ ബോധപൂര്‍വമായ മൗനം തീവ്രവാദ അടിമത്വവും നിര്‍ഭാഗ്യകരവുമാണ്.

2019 ഏപ്രില്‍ 14ന് മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റി പോലും ആധുനികതയുടെ പേരിലോ മതാചാരപ്രകാരമോ വസ്ത്രധാരണങ്ങള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അനുവദനീയമല്ലെന്ന് സര്‍ക്കുലറിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും പൊതുവായ യൂണിഫോം ഒഴിവാക്കി മതപരമായ വസ്ത്രധാരണ രീതി ആവശ്യപ്പെടുന്നതിന്റെ പിന്നില്‍ ബോധപൂര്‍വമായ അജണ്ടകളുണ്ട്. ഇത്തരം തീവ്രവാദ ടെസ്റ്റ് ഡോസുകള്‍ അംഗീകരിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഭാവിയില്‍ തീവ്രവാദ ഗ്രൂപ്പുകളുടെ കേന്ദ്രങ്ങളായി മാറും.

യൂണിഫോം സമത്വത്തിന്റെയും അച്ചടക്കത്തിന്റെ പ്രതീകമാണ്. വളരുന്ന തലമുറയില്‍ സാഹോദര്യവും പരസ്പര സ്നേഹവും ദേശബോധവും വളര്‍ത്തിയെടുത്ത് സമൂഹത്തിന്റെ ചാലകശക്തികളായി രൂപപ്പെടുത്തുവാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ അവരെ മതത്തിന്റെയും വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ചട്ടുകങ്ങളാക്കുവാന്‍ വിട്ടുകൊടുക്കരുതെന്നും പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലുണ്ടായ സംഭവങ്ങള്‍ കേരളത്തില്‍ ഒരിടത്തും ആവര്‍ത്തിക്കുവാന്‍ അനുവദിക്കില്ലെന്നും, ഭാവി തലമുറയെ ബലിയാടാക്കിയുള്ള ഇത്തരം തീവ്രവാദ കടന്നാക്രമങ്ങളെ എന്തുവിലകൊടുത്തും എതിര്‍ക്കുമെന്നും വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ഹിജാബ് ധരിച്ച് സ്‌കൂളിലെത്തുകയായിരുന്നു. എന്നാല്‍, ഇത് സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമല്ലെന്ന് ചൂണ്ടിക്കാട്ടി മാനേജ്‌മെന്റ് അനുമതി നിഷേധിച്ചു. ഇതിനെത്തുടര്‍ന്ന് പുറത്തുനിന്നുള്ളവര്‍ സ്‌കൂളിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി മാനേജ്‌മെന്റ് ആരോപിച്ചിരുന്നു. തുടര്‍ന്ന്, സ്‌കൂളിന് സംരക്ഷണം ആവശ്യപ്പെട്ട് മാനേജ്‌മെന്റ് ഹൈക്കോടതിയെ സമീപിക്കുകയും, ഇതിന്റെ അടിസ്ഥാനത്തില്‍ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തു.

സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ എറണാകുളം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും, അന്വേഷണത്തിനു ശേഷം കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *