മാത്തൂർ: പല്ലൻചാത്തന്നൂരിൽ വിദ്യാർഥി വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച സംഭവത്തിൽ പരക്കെ പ്രതിഷേധം. അധ്യാപിക പീഡിപ്പിച്ചതാണെന്ന് കാണിച്ച് ബന്ധുക്കൾ കുഴൽമന്ദം പൊലീസിൽ പരാതി നൽകി. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സ്കൂൾ വിട്ടുവന്ന അർജുൻ, കൈയിലുള്ള താക്കോൽ ഉപയോഗിച്ച് വീടു തുറന്നാണ് ആത്മഹത്യ ചെയ്തത്. അച്ഛൻ ജയകൃഷ്ണൻ ദുബൈയിലാണ്. അമ്മ മഞ്ജു പാലക്കാട്ടെ സ്വകാര്യ സ്ഥാപനത്തിൽ ജോലിക്കു പോയതായിരുന്നു. ഇളയ സഹോദരൻ നാലു വയസ്സുള്ള ആവിഷ്ണവ് മാതൃവീട്ടിലായിരുന്നു.
സ്കൂളിൽ സഹപാഠികളുമായി ചേർന്ന് ഇൻസ്റ്റഗ്രാമിൽ ചില പോസ്റ്റുകളിട്ടതിനെ ചൊല്ലിയുള്ള പ്രശ്നം ക്ലാസ് ടീച്ചർ അർജുന്റെ ബന്ധുവിനെ വിളിച്ചുവരുത്തി ദിവസങ്ങൾക്കുമുമ്പേ പറഞ്ഞുതീർത്തതാണെന്നും വീണ്ടും ടീച്ചർ പ്രശ്നം കുത്തിപ്പൊക്കിയത് ദുരുദ്ദേശ്യപരമാണെന്നും അർജുന്റെ പിതൃസഹോദരൻ കലാധരൻ പറഞ്ഞു. മുമ്പും ചെറിയ പ്രശ്നത്തിന്റെ പേരിൽ ക്ലാസ് ടീച്ചർ അർജുനെ മർദിച്ചിട്ടുണ്ടെന്നും അന്ന് പിഴവു പറ്റിയതാണെന്നും പ്രശ്നമാക്കേണ്ടെന്നും ടീച്ചർ പറഞ്ഞതിനാൽ പരാതി നൽകാതിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അന്നുമുതൽ ക്ലാസ് ടീച്ചർ അർജുനോട് വിരോധം കാട്ടാറുണ്ടെന്നും അതിന്റെ തുടർച്ചയാണ് ഭീഷണിപ്പെടുത്തലെന്നും ബന്ധുക്കൾ കുഴൽമന്ദം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
ക്ലാസ് ടീച്ചർ അർജുനെ മുമ്പ് മർദിച്ചതിന്റെ ചിത്രങ്ങൾ കൈയിലുണ്ടെന്ന് ജില്ല വിദ്യാഭ്യാസ ഓഫിസറെ അറിയിച്ചിട്ടുണ്ട്. കുട്ടി തൂങ്ങിമരിച്ച മുറി പൊലീസ് അടച്ചിട്ടിരിക്കുകയാണെന്നും മുറി തുറന്നു പരിശോധിച്ചാലേ കുട്ടി വല്ലതും എഴുതിവെച്ചിട്ടുണ്ടോ എന്നറിയുകയുള്ളൂവെന്നും കലാധരൻ പറഞ്ഞു.
വിശദ അന്വേഷണത്തിന് മന്ത്രിയുടെ നിർദേശം
പാലക്കാട്: കണ്ണാടി എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. സംഭവത്തിൽ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്ക്കും ഡയറക്ടർ ജനറൽ ഓഫ് എജുക്കേഷനും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതായി പാലക്കാട് ഡി.ഡി.ഇ ആസിഫ് ആലിയാർ പറഞ്ഞു.
ആരോപണവിധേയയായ അധ്യാപിക ആശുപത്രിയിലായതിനാൽ വിവരം ശേഖരിക്കാനായിട്ടില്ല. പ്രധാനാധ്യാപികയിൽനിന്നും വിദ്യാർഥികളിൽനിന്നും തെളിവെടുത്തു. ക്ലാസ് അധ്യാപികക്ക് അനുകൂലമായും പ്രതികൂലമായും വിദ്യാർഥികൾ മൊഴി നൽകിയിട്ടുണ്ടെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ആസിഫ് ആലിയാർ കൂട്ടിച്ചേർത്തു.

