വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മെറ്റ

കാലിഫോർണിയ: ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ വൻതോതിൽ ആളുകളെ എടുക്കുകയും കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്യുന്നതിനിടെ, മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നു. ഫേസ്ബുക്കിൻ്റെ മാതൃസ്ഥാപനം ഏകദേശം 600 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇത് കമ്പനിയുടെ എഐ യൂണിറ്റുകളിലെ തൊഴിലാളികളെയാണ് പ്രധാനമായും ബാധിക്കുക.

സ്‌കെയിൽ എഐയിൽ 14.3 ബില്യൺ ഡോളർ നിക്ഷേപം നടത്തിയ മെറ്റയിൽ, സൂപ്പർ ഇൻ്റലിജൻസ് ലാബ്‌സിലാണ് പ്രധാനമായും വെട്ടിച്ചുരുക്കൽ നടക്കുന്നത്. ചീഫ് എഐ ഓഫീസർ അലക്‌സാണ്ടർ വാങ് അയച്ച മെമ്മോയിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. എഐ ഇൻഫ്രാസ്ട്രെക്ചർ യൂണിറ്റുകളിലെയും ഫണ്ടമെന്റൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് റിസർച്ച് യൂണിറ്റിലെയും ഉൽപ്പന്ന സംബന്ധിയായ തസ്തികകളിലുള്ളവരെയാണ് ഈ തീരുമാനം ബാധിക്കുക. ഒരുവശത്ത് ഉന്നത എഐ വിദഗ്ധരെ വാശിയോടെ നിയമിക്കുമ്പോൾ തന്നെയാണ് മറുവശത്ത് പിരിച്ചുവിടൽ നടക്കുന്നത്. പ്രൊഡക്ട് ടീമുകളും FAIR പോലുള്ള ഗവേഷണ ടീമുകളും തമ്മിൽ മത്സരം നിലനിന്നിരുന്നുവെന്ന് സിഎൻബിസി റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, 2013-ൽ ഫേസ്ബുക്ക് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് റിസർച്ച് ആരംഭിച്ചതോടെയാണ് മെറ്റ എഐയിൽ നിക്ഷേപം ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ ആഴത്തിലുള്ള പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ഒരു ആഗോള ഗവേഷണ ശൃംഖല സൃഷ്‍ടിച്ച പ്രമുഖ എഐ ഗവേഷകനായ യാൻ ലെകൺ ആയിരുന്നു ഈ സംരംഭത്തിന് നേതൃത്വം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *