കങ്കാരുക്കൾ തീർത്ത റൺമലക്ക് മുകളിൽ കയറി വെന്നിക്കൊടി നാട്ടി ഇന്ത്യൻ വനിതകൾ ; ഓസ്ട്രേലിയയ്ക്കെതിരെ അഞ്ച് വിക്കറ്റ് വിജയം

വനിതാ ലോകകപ്പിന്റെ ലീഗ് ഘട്ടത്തിൽ മൂന്നു വിക്കറ്റിനു തകർത്തുവിട്ട ഓസ്ട്രേലിയയ്ക്ക് ഇതിലും മികച്ചൊരു മറുപടി കൊടുക്കാനില്ല. സെമി പോരാട്ടത്തിൽ 338 റൺസെന്ന റെക്കോർഡ് സ്കോർ നേടിയിട്ടും, ഓസ്ട്രേലിയയെ തകർത്തെറിഞ്ഞ് ഇന്ത്യ ഫൈനലിൽ. അഞ്ച് വിക്കറ്റ് വിജയമാണ് ഇന്ത്യൻ വനിതകൾ സെമി ഫൈനലിൽ സ്വന്തമാക്കിയത്. ത്രില്ലർ പോരാട്ടത്തിൽ 339 റൺസ് വിജയലക്ഷ്യത്തിലേക്ക് 48.3 ഓവറിലാണ് ഇന്ത്യയെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ലീഗ് ഘട്ടത്തിൽ ഇന്ത്യയെ ദക്ഷിണാഫ്രിക്ക തോൽപിച്ചിരുന്നു.

ഇത് മൂന്നാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്. മുൻപ് 2005ലും 2017ലുമാണ് ഇന്ത്യ ലോകകപ്പ് ഫൈനലുകൾ കളിച്ചിട്ടുള്ളത്. ജെമീമ റോഡ്രിഗസിന്റെ സെഞ്ചറി പ്രകടനമാണ് ഓസ്ട്രേലിയയ്ക്കെതിരെ വമ്പൻ സ്കോറിലേക്ക് ഇന്ത്യയെ നയിച്ചത്. 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു. ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 88 പന്തില്‍ 89 റണ്‍സെടുത്തു. റിച്ച ഘോഷ് (16 പന്തിൽ 24), ദീപ്തി ശർമ (17 പന്തിൽ 24), സ്മൃതി മന്ഥന (24 പന്തിൽ 24) എന്നിവരാണ് ഇന്ത്യയുടെ മറ്റു സ്കോറർമാർ.

മറുപടി ബാറ്റിങ്ങിൽ 13 റൺസിൽ നിൽക്കെ ഷെഫാലി വർമയെയും 59ൽ നിൽക്കെ സ്മൃതി മന്ഥനയെയും നഷ്ടമായ ഇന്ത്യയ്ക്ക് ജെമീമ– ഹർമൻപ്രീത് സഖ്യമാണു കരുത്തായത്. കിം ഗാർത്താണ് രണ്ടു മുൻനിര ബാറ്റർമാരെ വീഴ്ത്തി ഇന്ത്യയെ ഞെട്ടിച്ചത്. ഇന്ത്യൻ ക്യാപ്റ്റനൊപ്പം ജെമീമയും തകർത്തടിച്ചതോടെ 17 ഓവറിൽ 100 ഉം 31.2 ഓവറിൽ 200 ഉം കടന്ന് സ്കോർ മുന്നേറി.

മത്സരത്തിന്റെ 36–ാം ഓവറിൽ ഹർമൻപ്രീതിനെ മടക്കി അനബെൽ സതര്‍ലൻഡ് ഓസ്ട്രേലിയയ്ക്കു പ്രതീക്ഷ നല്‍കി. മധ്യനിരയിൽ ദീപ്തി ശർമയും റിച്ച ഘോഷും വലിയ സ്കോർ കണ്ടെത്താനാകാതെ മടങ്ങിയെങ്കിലും ജെമീമയുടെ തകർപ്പൻ പ്രകടനം ഇന്ത്യയെ വിജയത്തിലെത്തിച്ചു. 115 പന്തുകളിലാണ് ജെമീമ ഏകദിന കരിയറിലെ മൂന്നാം സെഞ്ചറിയിലെത്തിയത്. അവസാന 12 പന്തുകളിൽ എട്ട് റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മൊളിനൂക്സിന്റെ 49–ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമൻജ്യോത് കൗർ ഇന്ത്യയുടെ വിജയമാഘോഷിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *