കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഡൽന മരിയ സാറ എന്ന കുട്ടിയാണ് മരിച്ചത്. ആന്റണി – റൂത്ത് ദമ്പതികളുടെ മകളാണ്. കുഞ്ഞ് അമ്മൂമ്മയായ റോസിയ്‌ക്കരികിൽ കിടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ അമ്മൂമ്മ റോസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ആരോഗ്യനില മോശമായതിനാല്‍ ഇവരെ പെട്ടെന്ന് ആശുപത്രിയിലേക്ക് മാറ്റി
ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ കുഞ്ഞിന്റെ അച്ഛനും അമ്മയും അമ്മൂമ്മയുമാണ് താമസം. കുഞ്ഞിനെ അമ്മൂമ്മയ്ക്ക് അരികിൽ കിടത്തിയ ശേഷം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു റൂത്ത് എന്നാണ് പ്രാഥമിക വിവരം. കുറച്ച് കഴിഞ്ഞപ്പോൾ കുഞ്ഞ് ചോരവാർന്ന് കിടക്കുന്നത് കണ്ടു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുഞ്ഞിന്റെ കഴുത്തിൽ പരിക്കേറ്റ പാടുകളുണ്ട്. കുഞ്ഞിന്റെ മൃതദേഹം അങ്കമാലി അപ്പോളോ ആശുപത്രിയിലാണ്
കുഞ്ഞിന് കഴുത്തില്‍ എങ്ങനെയോ കടിയേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ ആശുപത്രി അധികൃതരോട് പറഞ്ഞത്. എന്നാല്‍ മുറിവ് പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി.
കത്തിയോ ബ്ലേഡോ മറ്റോ ഉപയോഗിച്ച് മുറിവേറ്റതാണെന്ന് മനസിലാക്കിയ ഡോക്ടര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസ് എത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ കൊലപാതകമാണെന്ന് സംശയം തോന്നി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ മാതാവിനെ കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ കൊലനടത്തിയാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

