ഭോപാൽ: സ്വകാര്യ ഭാഗങ്ങളിലും ശരീരമാസകലും ഗുരുതരമായ മുറിവുകളോടെ യുവതിയെ ആശുപത്രിയിൽ എത്തിച്ച ശേഷം കാമുകൻ കടന്നുകളഞ്ഞു. ചികിത്സയിലിരിക്കെ യുവതി പിന്നീട് മരണപ്പെട്ടു. മധ്യപ്രദേശിലെ ഭോപാലിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം. 27 കാരിയായ മോഡൽ ഖുശ്ബു ആഹിർവാർ ആണ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ടത്. ശരീരമാസകലം നീലനിറത്തിൽ കാണപ്പെട്ട നിലയിലാണ് ഖുശ്ബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് കാമുകനും ലിവ്-ഇൻ പങ്കാളിയുമായ ഖാസിമിനെതിരെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മകളുടെ മരണത്തിൽ കാമുകനായ ഖാസിമിനെതിരെ ശക്തമായ ആരോപണവുമായി ഖുശ്ബുവിന്റെ അമ്മ ലക്ഷ്മി രംഗത്തെത്തിയിട്ടുണ്ട്. മകളുടെ ശരീരമാസകലം നീലനിറത്തിലായിരുന്നുവെന്നും സ്വകാര്യ ഭാഗങ്ങളിൽ ഉൾപ്പെടെ രൂക്ഷമായ മുറിവുകളുണ്ടായിരുന്നുവെന്നും അമ്മയും സഹോദരിയും മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇരുവരും കുറച്ചുകാലമായി ഒരുമിച്ച് താമസിച്ച് വരികയായിരുന്നുവെന്നും മരണത്തിന് പിന്നിൽ ഖാസിമിന് പങ്കുണ്ടെന്നും കുടുംബം ആരോപിച്ചു. നീതി ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

