
കോഴിക്കോട്: സംസ്ഥാനത്ത് അവശ്യവസ്തുക്കൾക്ക് വില കുതിച്ചിയരുന്ന സാഹചര്യത്തിൽ കോഴിക്കോടൻ ബിരിയാണിക്ക് ഉപയോഗിക്കുന്ന കൈമ അരി ഉപേക്ഷിച്ച് ഹോട്ടൽ ഉടമകൾ. കൈമ അരിക്ക് കിലോഗ്രാമിന് 200 രൂപവരെ വിപണിയിൽ വില ഉള്ളപ്പോൾ കോല അരിക്ക് 100 രൂപയാണ് വില. അരി വില കുതിച്ചുയർന്നതോടെ ബിരിയാണി വില വർധിപ്പിക്കാത്ത ചെറുകിട ഹോട്ടൽ ഉടമകൾ കോല അരി ഉപയോഗിക്കുന്നതിലേക്ക് നീങ്ങിയിരിക്കുകയാണ്.
അതേസമയം, കോഴിക്കോടൻ ബിരിയാണി ഇങ്ങനെയല്ല എന്നും ബിരിയാണിയുടെ മൊത്തത്തിലുള്ള രുചി അരി മാറ്റിയതിലൂടെ പോയെന്നുമുള്ള അഭിപ്രായത്തിലാണ് ഭക്ഷണപ്രേമികൾ. ഏതാനും മാസങ്ങൾക്ക് മുമ്പ് 100 രൂപക്ക് താഴെയായിരുന്ന അരി വിലയാണ് ഇപ്പോൾ ഇരട്ടിയിലധികം കൂടിയിരിക്കുന്നതെന്നും വ്യാപാരികളും വ്യക്തമാക്കി.
കൈമ അരിയുടെ വിലക്കയറ്റം കാറ്ററിങ് മേഖലയിലുള്ളവരെയാണ് വളരെയധികം ബാധിച്ചിരിക്കുന്നത്. ചില്ലറയായി ലഭിക്കുന്ന കൈമ അരിക്ക് 200 രൂപ വില വരുമ്പോൾ മൊത്തമായി എടുക്കക്കുന്നവർക്ക് 200 മുതൽ 215 രൂപവരെ നൽകേണ്ട സാഹചര്യമാണ്. തെക്കൻ ജില്ലകളിൽ കൈമ അരിയുടെ ബിരിയാണി കുറവായതിനാൽ വടക്കൻ കേരളത്തിലാണ്, പ്രത്യേകിച്ച് മലബാറിലാണ് ഈ വിലക്കയറ്റം കൂടുതതൽ ബാധിക്കുന്നത്.
അരി വില അധികമാണെങ്കിലും നിലവിലെ സാഹചര്യത്തിൽ ബിരിയാണിയുടെ വില കൂട്ടുന്നത് ഹോട്ടലുകൾക്ക് അസാധ്യമാണ്. അതിനാൽത്തന്നെ വിലകയറ്റത്തിനൊപ്പം കെട്ടിട വാടക, തൊഴിലാളികളുടെ കൂലി, മറ്റ് ചെലവുകൾ എന്നിവ താങ്ങാവുന്നതിലും അപ്പുറമാണെന്നാണ് ഹോട്ടൽ ഉടമകൾ പറയുന്നത്.

