തൃശൂര്‍: ദാമ്പത്യ ജീവിതം സുന്ദരവും സമാധാനപരവുമാക്കാന്‍ ധ്യാന ക്ലാസുകള്‍ നടത്തി വരുന്ന മോട്ടിവേഷന്‍ പ്രഭാഷകരായ മാരിയോ ജോസഫും ഭാര്യ ജിജി മാരിയോയും തമ്മിലടിച്ച് കേസായത് ഇവരുടെ അനുയായികളെ ഞെട്ടിച്ചിരിക്കുകയാണ്. പുറമേ ശാന്തശീലരായ മാതൃകാ ദമ്പതികള്‍ എന്ന് വിശേഷിപ്പിക്കുന്നവ ഇവര്‍ അടിച്ചുപിരിഞ്ഞത് അവര്‍ക്ക് ഉള്‍ക്കൊള്ളാനും സാധിച്ചിട്ടില്ല. മാരിയോ ആന്‍ഡ് ജിജി ബ്ലോഗ് വഴി നല്ല കുടുംബജീവിതം നയിക്കാന്‍ ഉപദേശങ്ങള്‍ നല്‍കി വരുന്ന മാരിയോ ജോസഫിന് എതിരെ ഭാര്യ ജിജി അതിക്രമത്തിന് പരാതി നല്‍കിയിരിക്കുകയാണ്. ചാലക്കുടി പൊലീസ് ജിജി മാരിയോയുടെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്.
പുരുഷന്‍ തന്റെ ഭാര്യയെ തന്നേപ്പോലെ സ്‌നേഹിക്കണം എന്ന് പ്രസംഗിച്ച മാരിയോ ജോസഫും, ഭാര്യ ഭര്‍ത്താവിന് വിധേയപ്പെട്ട് ജീവിക്കണം എന്ന് പഠിപ്പിച്ച ജിജി മാരിയോയും തമ്മില്‍ നടന്ന അക്രമാസക്തമായ വഴക്കിന്റെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധേയരായ ഈ ദമ്പതികള്‍ ദാമ്പത്യ തകര്‍ച്ച നേരിടുന്ന നിരവധി പേര്‍ക്ക് കൗണ്‍സലിംഗ് നല്‍കി പ്രശസ്തരാണ്.
ഇസ്ലാം മതവിശ്വാസിയായിരുന്ന സുലൈമാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ക്രിസ്തുമതത്തില്‍ ആകൃഷ്ടനായി മതം മാറി മാരിയോ ജോസഫ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. പിന്നീട് ജിജിയെ വിവാഹം കഴിച്ചു. മാരിയോയുടെ ചില പ്രഭാഷണങ്ങള്‍ മുന്‍പ് തന്നെ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.
കുടുംബജീവിതം, ദാമ്പത്യബന്ധം എന്നിവയെക്കുറിച്ച് ഓണ്‍ലൈനിലും അല്ലാതെയും ക്ലാസ്സുകളും വീഡിയോകളും അവതരിപ്പിച്ച് കൊണ്ടാണ് മാരിയോ ജോസഫും ജിജി മാരിയോയും പ്രശസ്തരായത്. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ധ്യാന പ്രഭാഷണങ്ങളോട് അടുത്തുനില്‍ക്കുന്ന ശൈലിയിലാണ് വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്. ഇവയുടെ സ്ഥിരം പ്രേക്ഷകരായി ഒട്ടേറെ ആളുകള്‍ ഫോളോ ചെയ്യുന്നുമുണ്ട്.
9 മാസമായി ഇരുവരും അകന്നു കഴിയുകയായിരുന്നു. കഴിഞ്ഞ 25നാണ് പ്രശ്നങ്ങൾ പരിഹരിക്കാൻ ജീജി ഭർത്താവിനെ കാണാനെത്തിയത്. സംസാരിക്കുന്നതിനിടെ മാരിയോ ജോസഫ് ഉപദ്രവിച്ചെന്ന് പൊലീസ് പറയുന്നു. ഇടതു കയ്യിൽ കടിച്ചശേഷം മുടി പിടിച്ചു വലിച്ചു എന്നാണ് ജീജിയുടെ പരാതിയിലുള്ളത്. 70,000രൂപ വിലയുള്ള ഫോൺ പൊട്ടിച്ചതായും പരാതിയിൽ പറയുന്നു. ഭർത്താവ് മാരിയോ ജോസഫും പരാതി നൽകിയിട്ടുണ്ട്.

