ഹൈദരാബാദ്: അര്‍ജന്റീന ടീം ഇത്തവണ കേരത്തിലെത്തില്ലെങ്കിലും സൂപ്പര്‍ താരം ലയണല്‍ മെസ്സി ഹൈദരാബാദിലെത്തും. ഇന്ത്യയിലെ ‘ഗോട്ട് ടൂറി’ന്റെ ഭാഗമായാണ് ലയണല്‍ മെസ്സി ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി മെസ്സിയുടെ സന്ദര്‍ശനം സ്ഥിരീകരിച്ചിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച അഹമ്മദാബാദ് സന്ദര്‍ശനത്തിന് പകരമായാണ് മെസ്സി ഹൈദരാബാദിലെത്തുന്നത്.
ഇന്ത്യയില്‍ ഫുട്‌ബോള്‍ പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഗോട്ട് ടൂറിന്റെ ഭാഗമായാണ് മെസ്സിയുടെ ഹൈദരാബാദ് സന്ദര്‍ശനം. ഡിസംബര്‍ 13-ന് വൈകുന്നേരമാകും ഹൈദരാബാദില്‍ മെസ്സി പങ്കെടുക്കുന്ന പരിപാടി നടക്കുക. ഗച്ചിബൗളിയിലോ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലോ നടക്കുന്ന ഈ പരിപാടിയില്‍ സെലിബ്രിറ്റി മത്സരമടക്കമുള്ള കാര്യങ്ങളുണ്ടായിരിക്കും.
ഹൈദരാബാദ് കൂടാതെ കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് ഗോട്ട് ടൂറിന്റെ ഭാഗമായി മെസ്സി എത്തുക. തങ്ങള്‍ ദക്ഷിണേന്ത്യയും കവര്‍ ചെയ്യാന്‍ പോകുകയാണെന്ന് ടൂറിന്റെ സംഘാടകനായ സതാദ്രു ദത്ത പറഞ്ഞു.

