കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ സംവിധായകന്‍ വി.എം. വിനു യുഡിഎഫ് സ്ഥാനാര്‍ഥി. കല്ലായി ഡിവിഷനില്‍ (37-ാം വാര്‍ഡ്) നിന്നാണ് വിനു മത്സരിക്കുക. തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക വ്യാഴാഴ്ചയാണ് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് പാറോപ്പടി ഡിവിഷനില്‍ മത്സരിക്കും. 15 ഡിവിഷനുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് കല്ലായി. വ്യാഴാഴ്ച കോഴിക്കോട് കോണ്‍ഗ്രസ് ഓഫീസില്‍ നടന്ന സീറ്റ് ചര്‍ച്ചയ്ക്കു പിന്നാലെയാണ് സ്ഥാനാര്‍ഥി പ്രഖ്യാപനമുണ്ടായത്. വിനുവിനെ മേയര്‍ സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കമെന്നാണ് വിവരം. കോഴിക്കോട് കോര്‍പ്പറേഷനില്‍ 49 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. 22 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
പ്രമുഖ എഴുത്തുകാരനും നാടകപ്രവര്‍ത്തകനുമായ വിനയന്റെ മകനായ വിനു നേരത്തെമുതൽ നാടകപ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. പിന്നീട് സിനിമയിലെത്തി. ബാലേട്ടന്‍, വേഷം, ബസ് കണ്ടക്ടര്‍, പല്ലാവൂര്‍ ദേവനാരായണന്‍, മയിലാട്ടം, ആകാശത്തിലെ പറവകള്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ അടക്കം പതിനഞ്ചോളം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.

