സാങ്കേതിക തകരാർ; വിമാനം ദേശീയപാതയിലിറക്കി, മുൻഭാഗം തകർന്നു, പൈലറ്റുമാർക്ക് പരിക്ക്

ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്നു പുതുക്കോട്ടയിൽ വിമാനം ദേശീയ പാതയിലിറക്കി. സേലത്തു നിന്നു പരിശീലനപ്പറക്കലിനിടെയാണു സെസ്ന വിഭാഗത്തിൽപ്പെട്ട ചെറുവിമാനം പുതുക്കോട്ട–തിരുച്ചിറപ്പള്ളി ദേശീയപാതയിലിറക്കിയത്. ഇരു പൈലറ്റുമാർക്കും നേരിയ പരിക്കുമാത്രമാണ് ഉള്ളത്. ലാന്‍ഡിങ്ങിനിടെ വിമാനത്തിന്റെ മുൻഭാഗം തകർന്നു.

പുതുക്കോട്ടൈ അമ്മച്ചത്തിരത്തിന് സമീപമായിരുന്നു സംഭവം. സേലത്ത് പ്രവർത്തിക്കുന്ന എക്വീർ ഫ്ലൈയിംഗ് ക്ലബ്ബ് എന്ന സ്വകാര്യ പരിശീലന സ്ഥാപനത്തിന്റേതാണ് സെസ്‌ന 172 വിഭാഗത്തിൽപ്പെട്ട വിമാനമെന്ന് അധികൃതർ അറിയിച്ചു. വിവരം ലഭിച്ചതിനെത്തുടർന്ന് പുതുക്കോട്ടൈ ജില്ലയിലെ കീരനൂർ സബ് ഡിവിഷനിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയാണ് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *