32 പന്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി, അടിച്ചെടുത്തത് ഒരുപിടി റെക്കോര്‍ഡുകള്‍, വീണ്ടും അതിശയിപ്പിച്ച് വൈഭവ് സൂര്യവംശി

ദോഹ: വെസ്റ്റ് എന്‍ഡ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ (യുഎഇ) ഇന്ത്യ-എയ്ക്കായി അരങ്ങേറ്റം കുറിച്ച വൈഭവ് സൂര്യവംശി 32 പന്തില്‍ സെഞ്ചുറിയുമായി റെക്കോര്‍ഡ് ബുക്കില്‍. ജിതേഷ് ശര്‍മ്മ നയിച്ച ടീമിനായി പ്രിയാന്‍ഷ് ആര്യയ്ക്കൊപ്പം ബാറ്റിങ് ആരംഭിച്ച വൈഭവ് 11 ഫോറുകളും 14 സിക്സറുകളും ഉള്‍പ്പടെ 42 പന്തില്‍ 144 റണ്‍സാണ് അടിച്ചുകൂട്ടിയത്.

വേഗതയേറിയ സെഞ്ച്വറി നേട്ടത്തില്‍ ഉര്‍വില്‍ പട്ടേലും അഭിഷേക് ശര്‍മ്മയും (28 പന്തില്‍) മാത്രമാണ് ഇനി സൂര്യവംശിക്ക് മുന്നിലുള്ളത്. ലോകത്തിലെ ഏറ്റവും വേഗമേറിയ ആറാമത്തെ സെഞ്ചുറിയുമാണിത്.

ചരിത്രം കുറിച്ച് വൈഭവ് സൂര്യവംശി

വൈഭവിന്റെ കരിയറിലെ രണ്ടാമത്തെ ടി20 സെഞ്ചുറിയാണിത്. ഇതിനുമുമ്പ് ഈ വര്‍ഷം നടന്ന ഐപിഎല്ലില്‍ ജയ്പൂരില്‍ രാജസ്ഥാന്‍ റോയല്‍സിനായി ഗുജറാത്ത് ടൈറ്റന്‍സിനെതിരെ താരം 35 പന്തില്‍ സെഞ്ചുറി നേടിയിരുന്നു.

14-കാരനായ വൈഭവ് ഇപ്പോള്‍ ടി20 ഫോര്‍മാറ്റില്‍ 35 പന്തുകളോ അതില്‍ കുറവോ പന്തുകളില്‍ രണ്ട് സെഞ്ചുറി നേടുന്ന ലോകത്തെ ആദ്യ കളിക്കാരനുമായി. ഫ്രാന്‍സിന്റെ ഗുസ്താവ് മക്കിയോണിനെ പിന്നിലാക്കിയാണ് രണ്ട് ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡ് വൈഭവ് സ്വന്തമാക്കിയത്.

ദേശീയ ടീമിനെ പ്രതിനിധീകരിച്ച് ടി20 സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന നിലയില്‍ മക്കിയോണിന്റെ (18 വയസ്സും 280 ദിവസവും) റെക്കോര്‍ഡും വൈഭവ് (14 വയസ്സും 232 ദിവസവും) തകര്‍ത്തു. ഈ റെക്കോര്‍ഡിനൊപ്പം പേരുള്ള ഇന്ത്യന്‍ താരം ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉര്‍വിലായിരുന്നു.

തുടരെ കൂറ്റന്‍ സിക്‌സറുകള്‍

11 ഫോറുകളും 14 സിക്സറുകളും നേടിയതിലൂടെ മാത്രം വൈഭവ് 134 റണ്‍സ് നേടി. ക്രിസ് ഗെയ്ല്‍ (154), ഹസ്രത്തുള്ള സസായി (140), ഗ്രഹാം നേപ്പിയര്‍ (136) എന്നിവര്‍ മാത്രമാണ് ഇതില്‍ കൂടുതല്‍ റണ്‍സ് നേടിയിട്ടുള്ളത്.

ടി20 ക്രിക്കറ്റില്‍ 100+ റണ്‍സ് നേടിയ ഇന്നിംഗ്സുകളില്‍ 342.85 ആണ് വൈഭവിന്റെ സ്‌ട്രൈക്ക് റേറ്റ്, ഈ നേട്ടത്തില്‍ അഭിഷേക് (365.51), ഫഹദ് (352.94), ചൗഹാന്‍ (351.21) എന്നിവര്‍ മാത്രമാണ് താരത്തിന് മുന്നിലുള്ളത്.

ടി20 ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്‍ നേടുന്ന നാലാമത്തെ വലിയ വ്യക്തിഗത സ്‌കോര്‍ കൂടിയാണിത്. ഇതിനുമുമ്പ് ഒരു കളിക്കാരനും ഇന്ത്യ-എയ്ക്കായി ടി20 സെഞ്ചുറി നേടിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *