കോട്ടയം: വര്‍ക്കലയില്‍ ട്രെയിനില്‍നിന്ന് യുവതിയെ ചവിട്ടിത്തള്ളിയിട്ട സംഭവത്തില്‍ പ്രതിയുമായി കോട്ടയത്ത് തെളിവെടുപ്പ്. പ്രതിയായ വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറി(50)നെയാണ് തെളിവെടുപ്പിനായി കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിച്ചത്.
സംഭവദിവസം പ്രതി കേരള എക്‌സ്പ്രസില്‍ കയറിയത് കോട്ടയം റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ്. പ്രതി മദ്യപിച്ച അതിരമ്പുഴയിലെ ബാറിലും ശനിയാഴ്ച തെളിവെടുപ്പ് നടത്തി. നവംബര്‍ രണ്ടാം തീയതി രാത്രിയാണ് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്‌സ്പ്രസില്‍നിന്ന് സുരേഷ്‌കുമാര്‍ യുവതിയെ ചവിട്ടിത്തള്ളിയിട്ടത്. ഗുരുതരമായി പരിക്കേറ്റ പേയാട് സ്വദേശിനി ശ്രീക്കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.

