ഡൽഹി  സ്‌ഫോടനം: അല്‍ ഫലാഹ് ട്രസ്റ്റിന് കേരളത്തിലും സ്ഥാപനങ്ങള്‍, അറസ്റ്റിലായ ഡോക്ടര്‍ പഠിച്ചത് തിരുവനന്തപുരത്തെന്ന്  റിപ്പോർട്ടുകൾ

ദില്ലി സ്ഫോടനത്തിന് പിന്നിലുള്ള ഭീകരർ ജോലി ചെയ്തിരുന്ന അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയുടെ മാതൃസ്ഥാപനമായ അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന് കേരളത്തിലും സ്ഥാപനങ്ങളുള്ളതായി സ്ഥിരീകരിക്കപ്പെട്ടതോടെ, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജൻസികൾ ഈ ബന്ധങ്ങളെക്കുറിച്ച് വ്യാപകമായ അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം, പാലക്കാട്, കാസർകോട് എന്നീ ജില്ലകളിലായാണ് ട്രസ്റ്റിന്റെ പ്രവർത്തനങ്ങൾ കണ്ടെത്തപ്പെട്ടിരിക്കുന്നത്.

ന്യൂദില്ലിയിലെ ഓഖ്ലയിലാണ് അൽ ഫലാഹ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആസ്ഥാനം. ഫരീദാബാദിലുള്ള അൽ ഫലാഹ് യൂണിവേഴ്‌സിറ്റിയും ഇതിന്റെ കീഴിലാണ് പ്രവർത്തിക്കുന്നത്. ട്രസ്റ്റിന്റെ പേരിൽ കേരളത്തിലും വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പ്രത്യേകിച്ച് മദ്രസകളും ഇസ്ലാമിക പഠന കേന്ദ്രങ്ങളും, പ്രവർത്തിച്ചുവരുന്നതായാണ് പ്രാഥമിക റിപ്പോർട്ടുകൾ.

തിരുവനന്തപുരം നഗരൂരിൽ സമാന പേരിലുള്ള ട്രസ്റ്റ് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും പെൺകുട്ടികൾക്കായുള്ള വിദ്യാഭ്യാസ-പഠന പദ്ധതികൾക്ക് വേണ്ടി ഭൂമി സ്വന്തമാക്കിയതും കെട്ടിടനിർമാണത്തിനായി ധനശേഖരണം നടത്തിയതുമാണ് കണ്ടെത്തലുകൾ. ഈ സ്ഥാപനങ്ങളുടെ പിന്നണി, ലക്ഷ്യം, സാമ്പത്തിക ഉറവിടം എന്നിവയെല്ലാം ഇപ്പോൾ നിരീക്ഷണ വിധേയമാണെന്നും ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു .

ട്രസ്റ്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ രേഖകൾ, പ്രവർത്തനരീതി, അംഗങ്ങൾ, ഫണ്ടുകളുടെ ഒഴുക്ക്, വിദേശ ധനസഹായം തുടങ്ങിയവയെക്കുറിച്ച് ഏജൻസികൾ വിശദമായി പരിശോധിക്കുന്നു. പ്രവർത്തനങ്ങൾക്കുള്ള ആവശ്യമായ നിയമാനുസൃത അനുമതികൾ ലഭിച്ചിട്ടുണ്ടോ, പുറത്തുള്ള ഇടപെടലുകൾ ഉണ്ടോ തുടങ്ങിയ കാര്യങ്ങളും സൂക്ഷ്മമായി അന്വേഷിച്ചുവരുന്നു.

ഭീകരവാദ ബന്ധങ്ങളുടെ സാധ്യത പരിശോധിക്കുന്നതിന്റെ ഭാഗമായി, ട്രസ്റ്റിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവർത്തനരീതി, അധ്യാപക നിയമനങ്ങൾ, പഠനസാമഗ്രികളുടെ സ്വഭാവം എന്നിവയും സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. ചില സ്ഥാപനങ്ങളുടെ പ്രവർത്തനം സംശയാസ്പദമാണെന്ന് മുൻ റിപ്പോർട്ടുകളിൽ സൂചനകളുണ്ടായതായും വിവരം ലഭിച്ചിട്ടുണ്ട്.

ജെയ്ഷെ മുഹമ്മദുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) അംഗത്വം റദ്ദാക്കിയ അൽഫലാഹ് സർവകലാശാലക്കെതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി പൊലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.

ഏജൻസികൾ ട്രസ്റ്റിന്റെ കേരളത്തിലെ പ്രവർത്തനങ്ങൾക്കും ആളുകൾ തമ്മിലുള്ള ബന്ധങ്ങൾക്കും ഇടയിൽ യാതൊരു സംശയകരമായ ബന്ധങ്ങളും ഉണ്ടോയെന്ന് അന്വേഷിക്കുകയാണ്. ധനശേഖരണത്തിന്റെ ലക്ഷ്യം, ഉപയോഗം, ശേഖരണം നടത്തിയ ആളുകളുടെ പശ്ചാത്തലം എന്നിവയും അന്വേഷണത്തിന്റെ നിർണായക ഭാഗമാണ്.

Leave a Reply

Your email address will not be published. Required fields are marked *