പത്തനംതിട്ട: എൻഡിആർഎഫിന്റെ ആദ്യ 35 അംഗ സംഘം സന്നിധാനത്ത് എത്തി. ശബരിമലയില്‍ തിരക്ക് നിയന്ത്രിക്കാനാണ് തൃശൂരില്‍ നിന്നുള്ള സംഘം എത്തിയത്. ചെന്നൈയിൽ നിന്നുള്ള എൻഡിആർഎഫിന്റെ രണ്ടാം സംഘവും സന്നിധാനത്തേക്ക് യാത്ര തിരിച്ചിട്ടുണ്ട്.
ഈ സംഘം രാത്രിയോടെ പമ്പയിൽ എത്തും. സന്നിധാനത്ത് ഇന്ന് തിരക്ക് നിയന്ത്രണവിധേയമാണ്. ഭക്തരെ നിയന്ത്രിച്ച് ദർശനം ഉറപ്പാക്കുന്നുണ്ട്. ഇന്ന് വെർച്ചൽ ക്യൂ വഴി 70,000 പേർക്കും സ്പോട്ട് ബുക്കിംഗ് വഴി ഇരുപതിനായിരം പേർക്കും ദർശനം അനുവദിച്ചിട്ടുണ്ട്.
ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലി നട അടച്ചപ്പോൾ പതിനെട്ടാംപടി കയറാനുള്ള നിര മരക്കൂട്ടം വരെ ഉണ്ടായിരുന്നു. അവരെ രാത്രി നട അടച്ച ശേഷവും പതിനെട്ടാംപടി കയറ്റി തിരക്ക് കുറച്ചു. ഇന്ന് പുലർച്ചെ 3ന് നട തുറന്ന ശേഷം വടക്കേ നടയിലൂടെ അവർക്ക് ദർശനത്തിന് അവസരം നൽകി. എരുമേലി – പമ്പ പാതയിൽ പലയിടത്തും വാഹനങ്ങൾ തടഞ്ഞു നിർത്തിയാണ് ഇന്നലെ തിരക്ക് നിയന്ത്രിച്ചത്. ഇന്ന് വഴിയിൽ വാഹനങ്ങൾ തടഞ്ഞിട്ടില്ല.

